അവഗണനയുടെ പടുകുഴിയില്‍ പയ്യോളി- പേരാമ്പ്ര റോഡ്

Posted on: November 11, 2014 10:24 am | Last updated: November 11, 2014 at 10:24 am

പേരാമ്പ്ര: പയ്യോളി- പേരാമ്പ്ര റോഡ് വര്‍ഷങ്ങളായി അവഗണനയില്‍. വടകര, കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്ന് പയ്യോളി, മേപ്പയ്യൂര്‍, പേരാമ്പ്ര, മലയോര പ്രദേശങ്ങളായ കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ എന്നിവിടങ്ങളിലേക്കും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി, കക്കയം ഭാഗങ്ങളിലേക്കുമുള്ള യാത്രക്ക് ഉപയോഗപ്പെടുത്തുന്ന റോഡാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയാണ്.
പയ്യോളി മുതല്‍ പേരാമ്പ്ര വരെ റോഡിനിരുവശവും ആവശ്യത്തിലേറെ സ്ഥലം പുറമ്പോക്കിലുണ്ടായിരിക്കെയാണ് നവീകണ പ്രവൃത്തി നടത്തണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിഞ്ഞ സമീപനം സ്വീകരിക്കുന്നത്.
സി ആര്‍ പി എഫ് പരിശീലന കേന്ദ്രത്തിന് പെരുവണ്ണാമൂഴിയില്‍ തുടക്കം കുറിക്കുമ്പോള്‍ റോഡിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സി ആര്‍ പി എഫ് കേന്ദ്രം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡിന്റെ സ്ഥിതിക്ക് മാറ്റമില്ല. പേരാമ്പ്ര നിന്ന് പയ്യോളി വരെയുള്ള ഏകദേശം 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിനിടയില്‍ പ്രസ്തുത റോഡിലേക്ക് 80 ഓളം പോക്കറ്റ് റോഡുകള്‍ ചേരുന്നുണ്ട്. ഇവയില്‍ പലതും അപകട മേഖലയുമാണ്. റോഡിന്റെ വീതിക്കുറവും അറ്റകുറ്റപണികളുടെ അപര്യാപ്തതയുമാണ് അപകടങ്ങള്‍ക്ക് കാരണം. പത്തോളം പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രി, ധനകാര്യ സ്ഥാപനങ്ങള്‍, ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഈ റോഡിന്റെ ഇരുഭാഗത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ദേശീയ പാതയില്‍ കോഴിക്കോടിനും പയ്യോളിക്കുമിടയില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോഴും വെങ്ങളം, വെങ്ങാലി, ചെങ്ങോട്ട്കാവ് റെയില്‍വേ മേല്‍പാലങ്ങളും, കോരപ്പുഴ പാലവും അറ്റകുറ്റ പണികള്‍ക്ക് അടച്ചിടുമ്പോഴും ബദല്‍മാര്‍ഗമായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ടാങ്കര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഈ റൂട്ടില്‍ അപകടത്തില്‍ പെടാറുമുണ്ട്.
വളവുകളും കയറ്റങ്ങളും, കത്തനെയുള്ള ഇറക്കങ്ങളുമാണ് പ്രസ്തുത റോഡിന്റെ ശാപം. ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ റോഡ് രണ്ട് വരി പാതയാക്കണമെന്ന് ബജറ്റ് നിര്‍ദേശമുണ്ടായിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. തുടര്‍ന്ന് രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പേരാമ്പ്ര പി ഡബ്ല്യു ഡി സെക്ഷന്‍ ഓഫീസില്‍നിന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിരുന്നുവെങ്കിലും ഭരണകേന്ദ്രങ്ങള്‍ ഫയല്‍ തുറന്നുനോക്കിയില്ല. ഈയടുത്ത ദിവസം വീണ്ടും 25 കോടിയല്‍പരം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി അയച്ചിട്ടുണ്ട്. ഇത്തവണയെങ്കിലും അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പയ്യോളി മുതല്‍ മേപ്പയ്യൂര്‍ വരെയും മേപ്പയ്യൂരില്‍ നിന്ന് കല്‍പത്തൂര്‍ വരെയും തുടര്‍ന്ന് പേരാമ്പ്രയിലേക്കും റീച്ചുകളിലായാണ് പ്രവൃത്തി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് യഥാക്രമം 14 കോടി, 6.5 കോടി, 4.78 കോടി എന്ന നിലയിലാണ് കണക്കാക്കിയിരിക്കുന്നത്. കയറ്റങ്ങള്‍ കുറച്ചും റോഡിന് ആവശ്യമായ വീതി കൂട്ടിയും വളവുകള്‍ പരമാവധി കുറച്ചും പ്രവൃത്തി നടത്തുന്ന വിധത്തിലാണ് എസ്റ്റിമേറ്റ്.
ഉപരിതലം ബി എം ബി സിയില്‍ ലെവല്‍ചെയ്തു സുരക്ഷിതമാക്കുന്നതിനും കലുങ്കുകളും ഓവുചാലുകളും പുതുക്കിപ്പണിതും വെള്ളക്കെട്ടുകള്‍ രുപപ്പെടുന്ന ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികളാണ് എസ്റ്റിമേറ്റില്‍ പെടുത്തിയിരിക്കുന്നത്.