Connect with us

National

മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റിയേക്കും

Published

|

Last Updated

ചെന്നൈ: ശ്രീലങ്കയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റിയേക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധമായ തീരുമാനമായതെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധ്യമായ എല്ലാ വഴികളും ആരായുമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പ്രതികരിച്ചത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച് ശ്രീലങ്കയുടെ അഭിപ്രായമെന്താണെന്ന ചോദ്യത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റിയേക്കുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാമേശ്വരത്തെ തങ്കച്ചിമഠം സ്വദേശികളായ അഗസ്റ്റിന്‍, വിത്സന്‍, പ്രസാദ്, എമേഴ്‌സന്‍, ലാംഗ്‌ലെറ്റ് എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നത്. രാമേശ്വരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ ഇവരെ 2011ലാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ കൊളംബോ ഹൈക്കോടതിയാണ് കഴിഞ്ഞയാഴ്ച ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
ശിക്ഷാ വിധിക്കെതിരെ ശ്രീലങ്കന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നീക്കം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തുന്നതിനിടെയാണ് ലങ്കന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നത്. ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ നേതൃത്വത്തിലാണ് അപ്പീല്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. നിയമനടപടികള്‍ക്കു വേണ്ടി ഇരുപത് ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.