എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നത് തള്ളിക്കളയാനാകില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി

Posted on: November 11, 2014 5:29 am | Last updated: November 10, 2014 at 10:31 pm

ന്യൂഡല്‍ഹി: പൊതു മേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നത് തള്ളിക്കളയാനാകില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. എന്നാല്‍ അത് ഉടനുണ്ടാകില്ല. വിവിധ കോണില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതു മേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ദേശീയ ഹെലികോപ്റ്റര്‍ കമ്പനിയായ പവന്‍ ഹാന്‍സും സ്റ്റോക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ഇന്നലെ പുറത്തിറക്കിയ കരട് വ്യോമയാന നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ ഭാവി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ശേഷി മുഴുവനായി പുറത്തെടുക്കേണ്ടതുണ്ട്. കാര്യക്ഷമതയിലും മത്സര ക്ഷമതയിലും മുന്നിലെത്താതെ പിടിച്ചു നില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.