ശിശുമരണം: രോഗമറിഞ്ഞു ചികിത്സിക്കണം

Posted on: November 11, 2014 5:16 am | Last updated: November 10, 2014 at 7:36 pm

ഇടക്കാലത്ത് കുറഞ്ഞു വന്നിരുന്ന ആദിവാസി ശിശു മരണനിരക്ക് വീണ്ടും ഉയരുകയാണ്. ഈ വര്‍ഷം അട്ടപ്പാടിയില്‍ 19 നവജാത ശിശുക്കളും 20 ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചു. നിലവില്‍ ഈ പ്രദേശത്ത് നാനൂറിലേറെ ഗര്‍ഭിണികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും അനീമിയാ ബാധിതരാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കെ മരണ നിരക്ക് ഇനിയും വര്‍ധിച്ചേക്കുമെന്നാണ് ആശങ്ക.
2012ല്‍ അട്ടപ്പാടിയിലെ ശിശുമരണ നിരക്കിലുണ്ടായ വന്‍ വര്‍ധന ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമാകുകയും യൂനിസെഫ് സംഘം ഉള്‍പ്പെടെ അട്ടപ്പാടി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാമൂഹിക അടുക്കള പദ്ധതി തുടങ്ങി സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ വന്നു. ഇതിന്റെ നിര്‍വഹണത്തിനായി റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കുറേ ജീവനക്കാരെയും നിയമിച്ചു. ഇതെല്ലാം ആരംഭശൂരത്വത്തില്‍ ഒതുങ്ങുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തതാണ് മരണ നിരക്ക് വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ നടത്തിപ്പില്‍ വന്‍ ക്രമക്കേട് നടന്നതായി പരിശോധനകളില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കയാണ്.
മേഖലയിലെ കീടനാശിനി ഉപയോഗമാണ് ശിശുമരണങ്ങള്‍ക്കിടയാക്കുന്നതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടേതിന് സമാനമായ രോഗലക്ഷണങ്ങളുള്ള ഏതാനം പേരെ മുതലമട പഞ്ചായത്തില്‍ കണ്ടെത്തിയത് ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. യഥാര്‍ഥ കാരണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു സര്‍ക്കാറിന്റെ മുഖം രക്ഷിക്കുകയാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. 2012ല്‍ അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിച്ച യുനിസെഫ് സംഘം പോഷകാഹാരക്കുറവാണ് മരണ കാരണമെന്ന് കണ്ടെത്തിയപ്പോള്‍, സര്‍ക്കാര്‍ അത് നിഷേധിക്കുകയും രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹവും അമിത മദ്യപാനവുമാണ് കാരണമെന്ന വിശദീകരണത്തിലൂടെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രണ്ട് മന്ത്രി തല സംഘങ്ങളെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം മന്ത്രിമാരായ എം കെ മുനീര്‍, കെ സി ജോസഫ്, പി കെ ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘവും തുടര്‍ന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സന്ദര്‍ശനം നടത്തി, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചു അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അട്ടപ്പാടിയില്‍ പ്രതിപക്ഷം സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണെങ്കിലും സ്വാഗതാര്‍ഹമാണ് ഈ നടപടി. കുറേ പദ്ധതി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് മന്ത്രിതല സന്ദര്‍ശനങ്ങള്‍ക്കൊടുവിലെ പതിവ് രീതി. പിന്നാലെ കുറേ തുകയും നീക്കിവെക്കും. അതൊന്നും ലക്ഷ്യ സ്ഥാനത്തെത്താറില്ലെന്നതാണ് ആദിവാസി സമൂഹത്തിന്റെ ദുരിതത്തിന്റെ മൂലകാരണം.
2012ല്‍ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും കുറ്റമറ്റ ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികളിലായി 400 കോടിയോളം രൂപ പ്രഖ്യാപിച്ചിരുന്നു. ത്രിതല പഞ്ചായത്തുകള്‍ നീക്കിവെച്ച തുക വേറെയും. ഇതില്‍ ഗണ്യ ഭാഗവും ഉദ്യോഗസ്ഥരുടെയും ഇടത്തട്ടുകാരുടെയും കീശകളിലാണ് എത്തിച്ചേരുന്നതെന്ന് അട്ടപ്പാടിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന അഴിമതിക്കഥകള്‍ ബോധ്യപ്പെടുത്തുന്നു. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അന്ന് അനുവദിച്ച 18 കോടി വകുപ്പുദേ്യാഗസ്ഥര്‍ ചട്ടവിരുദ്ധമായി കൈയില്‍ വെച്ചതിനെച്ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായതാണ്. ആദിവാസികളുടെ പേരില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഭൂമി വാങ്ങുകയും അതവര്‍ക്ക് കൈമാറാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അവിടെ പതിവാണ്. റവന്യൂ, രജിസ്‌ട്രേഷന്‍, ആധാരം എഴുത്ത് വെണ്ടര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അനുദ്യോഗസ്ഥരുമായ ഒരു ഗൂഢസംഘം ആദിവാസിഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി പുതൂര്‍ പഞ്ചായത്തിലെ അഴിമതിക്കേസില്‍ അന്വേഷണം നടത്തിയ പാലക്കാട് പഞ്ചായത്ത് അസി. ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അഴിമതി ചൂണ്ടിക്കാട്ടുന്നവരെ ഒതുക്കുന്ന സമീപനമാണ് പലപ്പോഴും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംസ്ഥാന ട്രൈബല്‍ വെല്‍ഫെയര്‍ അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ കൃഷ്ണന്‍ കുട്ടിയെ കഴിഞ്ഞ ജനുവരിയില്‍ പൊടുന്നനെ സ്ഥലം മാറ്റിയത്, അട്ടപ്പാടി ആദിവാസി ഭവന പദ്ധതിക്ക് അനുവദിച്ച തുക വ്യാജ രേഖയുണ്ടാക്കി ചില ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു. അട്ടപ്പാടിയിലെ വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദാസീനത കാണിക്കുകയും ഫണ്ടുകളില്‍ തിരിമറി നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന രാഷ്ട്രീയ മേലാളന്മാരെ നിലയ്ക്ക് നിര്‍ത്തുകയും ചെയ്യാത്ത കാലത്തോളം ആദിവാസികളുടെ ദുരിതത്തിനും ശിശുമരണത്തിനും അറുതി വരുത്താനാകില്ല.