കാലിക്കറ്റ് നോട്ട് ബുക്ക് കൈകോര്‍ത്തു

Posted on: November 10, 2014 5:20 pm | Last updated: November 10, 2014 at 5:43 pm

ദുബൈ: റസ്റ്റോറന്റ് രംഗത്ത് പ്രശസ്തമായ കാലിക്കറ്റ് നോട്ട് ബുക്ക് ദുബൈയില്‍ പുതിയ ശാഖ തുറന്നു. ടേബ്ള്‍സ് ഫുഡ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ റസ്റ്റോറന്റ് ഖിസൈസ് ലുലുഹൈപ്പര്‍ മാര്‍കറ്റില്‍ തുടങ്ങിയത്. ഉടനെ തന്നെ പുതിയ കൂട്ടായ്മയുടെ കീഴില്‍ അബുദാബിയില്‍ രണ്ട് റസ്റ്റോറന്റുകള്‍ തുറക്കുമെന്ന് കാലിക്കറ്റ് നോട്ട്ബുക്ക് എം ഡി സതീഷ് പറഞ്ഞു.
കേരള ഫിഷ് കറി മീല്‍സ്, ചിക്കന്‍ ആന്‍ഡ് മട്ടന്‍ ബിരിയാണി, കരിമീന്‍ തപ്പുവെച്ചത്, നെയ്പായസം, കൂടാതെ ജാപ്പനീസ്-ഫ്രഞ്ച് വിഭവങ്ങളുടെ സാന്നിധ്യവും ചേര്‍ന്നുള്ള നോട്ട്ബുക്കിന്റെ ഫ്യൂഷന്‍ ഏറെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.
കേരളീയ ഭക്ഷണം വിളമ്പുന്നതില്‍ യു എ ഇയില്‍ തങ്ങളുടേതായ മുദ്രപതിപ്പിച്ച കാലിക്കറ്റ് നോട്ട് ബുക്കിനെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് തബ്്‌ലീസ് ഫുഡ് കമ്പനി ജി.എം സാജന്‍ അലക്‌സ് പറഞ്ഞു.
2012ലാണ് കാലിക്കറ്റ് നോട്ട് ബുക്ക് യു എ ഇയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ദുബൈയിലും ഷാര്‍ജയിലുമായി ഇതിനകം നാല് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഭക്ഷണ വ്യവസായത്തില്‍ യു എ ഇയില്‍ ചിരപ്രതിഷ്ഠ നേടിയ ടേബിള്‍സ് ഫുഡ് കമ്പനിക്ക് രാജ്യാന്തര തലത്തില്‍ പേരു കേട്ട നിരവധി ഭക്ഷണസാധനങ്ങളുടെ ഫ്രാഞ്ചൈസിയുണ്ട്.