ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തി

Posted on: November 10, 2014 5:00 pm | Last updated: November 10, 2014 at 5:42 pm

ദുബൈ: യു എ ഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ദുബൈ പോലീസ് വര്‍ധിപ്പിച്ചു. കാറുകളില്‍ ചില്ലില്‍ പതിക്കുന്ന കറുത്ത സ്റ്റിക്കറിന് അനുവദനീയമായതിലും കൂടുതല്‍ കട്ടി നല്‍കുന്ന കേസുകളിലെ പിഴ 500ല്‍ നിന്നു 1,000 മായി ഉയര്‍ത്തിയതായി ദുബൈ പോലീസ് ഓപറേഷന്‍സ് ഉപ മേധാവി മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ വ്യക്തമാക്കി.
ചില്ലുകളില്‍ പതിക്കുന്ന സ്റ്റിക്കറിന് 5.5 ഇഞ്ച് മാത്രമാണ് കട്ടി അനുവദിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ കട്ടിയില്‍ സ്റ്റിക്കര്‍ പതിക്കുന്ന വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തുക. കൂടുതല്‍ കട്ടിയില്‍ സ്റ്റിക്കര്‍ പതിക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ പോലും വാഹനത്തിന്റെ അകത്തേക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കും. നിയമലംഘനങ്ങള്‍ ഇത്തരം വാഹനങ്ങളില്‍ നടക്കുന്നത് ശ്രദ്ധയില്‍പെടാതിരിക്കാന്‍ ഇടയാക്കുന്നത് കണക്കിലെടുത്താണ് പോലീസിന്റെ നടപടി.
ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന ട്രക്കുകള്‍ക്കുള്ള പിഴ 1,500ല്‍ നിന്നാണ് ആരംഭിക്കുക. ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് അത് വര്‍ധിക്കും. റോഡില്‍ അനധികൃത കാര്‍ നിര്‍ത്തിയിട്ടാല്‍ 1,000 ദിര്‍ഹം പിഴയായി ഈടാക്കും. മുമ്പ് ഇത് 500 ദിര്‍ഹമായിരുന്നു. ശബ്ദമലിനീകരണത്തിന്് ഇടയാക്കിയാലും വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയാലും പിഴ 500 ല്‍ നിന്നു 1,000 മാക്കിയിട്ടുണ്ട്. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് 12 ബ്ലാക്ക് പോയന്റും ചുമത്തും. ഇതുവരെയും 400 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. വാഹനത്തില്‍ നിന്നു മാലിന്യം പുറത്തേക്കിടുന്നവര്‍ക്കും 1,000 ദിര്‍ഹം പിഴ ചുമത്തും. മുമ്പ് ഇത് 500 ആയിരുന്നു. ഒരു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കാറില്‍ പ്രത്യേക സീറ്റ് ഘടിപ്പിക്കണമെന്നും അല്‍ സഫീന്‍ അഭ്യര്‍ഥിച്ചു.