Connect with us

Kozhikode

45 വര്‍ഷം പിന്നിട്ടിട്ടും പടനിലം പാലത്തിന്റെ ശനിദശ മാറിയില്ല

Published

|

Last Updated

കൊടുവള്ളി: പടനിലം – നന്മണ്ട റോഡിലെ പടനിലം പാലത്തിന് 45 വയസ്സ് പിന്നിടുന്നു. 45 വര്‍ഷങ്ങള്‍ക്ക് ശേഷവും പാലത്തിന് വീതി കൂട്ടാനോ സമാന്തരമായി മറ്റൊരു പാലം നിര്‍മിക്കാനോ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചിട്ടില്ല. വീതി കുറഞ്ഞതും ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ സൗകര്യമുള്ളതുമായ പാലത്തില്‍ വാഹനങ്ങള്‍ പരസ്പരം വഴിമാറി കൊടുക്കാനാകാതെ ഗതാഗതകുരുക്ക് പതിവാണ്.
1969 ഒക്‌ടോബര്‍ 27ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി കെ ദിവാകരനാണ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പിന്നീട് നിരവധി തവണ റോഡ് നവീകരണപ്രവൃത്തി നടത്തിയിട്ടും പാലം അവഗണിക്കപ്പെട്ടു. 2003-2004ല്‍ ഒരു കോടി 85 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ മേജര്‍ റോഡാക്കി നടത്തിയ നവീകരണപ്രവൃത്തിയിലും 2011ല്‍ എട്ട് കോടി 40 ലക്ഷം രൂപ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് വകയിരുത്തി എന്‍ എച്ച് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ റോഡ് വികസനത്തിലും പടനിലം പാലം പരിഗണിക്കപ്പെട്ടിട്ടില്ല. 2010-11 വര്‍ഷ ബഡ്ജറ്റില്‍ സമാന്തരപാലം നിര്‍മാണ സ്ഥലമെടുപ്പിനായി 3.50 ലക്ഷം രൂപ വകയിരുത്തിയതായി പ്രഖ്യാപനം വന്നതല്ലാതെ തുടര്‍നടപടിയൊന്നുമായിട്ടില്ല. എന്‍ എച്ച് 212ല്‍ കൊടുവള്ളിക്കും പടനിലത്തിനുമിടയില്‍ ഗതാഗത സ്തംഭനമുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ ബൈപ്പാസായി ഉപയോഗിക്കുന്ന റോഡിലെ വീതി കുറഞ്ഞ പാലം അവഗണനയിലാണ്.