മദ്യപിച്ച് മൃതദേഹവുമായി വന്ന ആംബുലന്‍സ് ഡ്രൈവറെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

Posted on: November 10, 2014 10:00 am | Last updated: November 10, 2014 at 4:48 pm

ambulanceനാദാപുരം: വടകര സഹകരണ ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി മദ്യപിച്ച് വന്ന ആംബുലന്‍സ് ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചു. വടകരയിലെ ആശുപത്രിക്ക് പുറത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സില്‍ വളയം മഞ്ചാന്തറയിലെ മാവുളള നടുക്കണ്ടി കുഞ്ഞോണക്കന്റെ മൃതദേഹവുമായി ഇന്നലെ വൈകുന്നേരം വളയത്തേക്ക് വരേണ്ട ആംബുലന്‍സ് തിരുവളളൂര്‍ ഭാഗത്തേക്ക് പതിനാറ് കിലോമീറ്റര്‍ പോകുകയും യാത്രക്കാര്‍ വഴിമാറി എന്ന് പറഞ്ഞിട്ടും മുന്നോട്ട് എടുക്കുകയും ചെയ്തു. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ തിരിച്ച് വടകര വഴി പോകുകയും ഡ്രൈവറുടെ സഹായി വടകരയില്‍ ഇറങ്ങുകയും ചെയ്തു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആംബുലന്‍സിലുള്ളവര്‍ പിന്നില്‍ വരികയായിരുന്ന ജീപ്പുകാരോട് കാര്യം പറയുകയും എടച്ചേരിയില്‍ വെച്ച് ജീപ്പിലുള്ളവര്‍ ആംബുലന്‍സിനെ തടഞ്ഞുനിര്‍ത്തി പകരം ഡ്രൈവറെ തരപ്പെടുത്തി മൃതദേഹം വളയത്തെത്തിക്കുകയുമായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ പയ്യോളി നടുവത്തറ പറമ്പ് മുഹമ്മദ് റാഫി(36)യെയാണ് നാട്ടുകാര്‍ വളയം പോലീസില്‍ ഏല്‍പ്പിച്ചത്. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിച്ച ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.