ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിയമനത്തിനെതിരെ ഉദ്യോഗാര്‍ഥികള്‍

Posted on: November 10, 2014 5:23 am | Last updated: November 9, 2014 at 11:25 pm

തിരുവനന്തപുരം: വിജ്ഞാപനത്തില്‍ ഇല്ലാത്ത യോഗ്യത മാനദണ്ഡമാക്കി പി എസ് സി നിയമനം നടത്തുന്നതായി പരാതി. വിജ്ഞാപനത്തില്‍ പറയാത്ത അധികയോഗ്യത അയോഗ്യതയാണെന്ന കോടതി ഉത്തരവ് മറികടന്ന് സാമൂഹിക നീതി വകുപ്പിനു കീഴിലെ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ പി എസ് സി അധികൃതര്‍ക്ക് പരാതി നല്‍കി.
പി എസ് സിയുടെ നടപടി വിജ്ഞാപന പ്രകാരം യോഗ്യതനേടിയവര്‍ക്ക് അവസരം നഷ്ടപ്പെടുമെന്നും തുടര്‍നടപടികളുമായി മുന്നോട്ടുപോകരുതെന്നും കാണിച്ചാണ് പരാതി നല്‍കിയത്. സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്, ഹോംസയന്‍സ്, സൈക്കോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാലസേവികാ പരിശീലന സര്‍ട്ടിഫിക്കറ്റ്/ പി പി ടി ടി ഐയുമാണ് വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യത. ഈ യോഗ്യത ഇല്ലാത്തവരും ഇതേവിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടിയവരും അപേക്ഷിച്ചിരുന്നു. തത്തുല്യയോഗ്യതയെന്ന പരിഗണനയില്‍ ഇവരുടെ ഓണ്‍ലൈന്‍ അപേക്ഷകളും പി എസ് സി സ്വീകരിച്ചു. എന്നാല്‍, വിജ്ഞാപനത്തില്‍ ഇത്തരം യോഗ്യതകള്‍ സംബന്ധിച്ച് ഒരു വിശദീകരണവുമില്ല. എന്നിട്ടും പരീക്ഷ നടത്തി ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധനാ വേളയിലാണ് അധികയോഗ്യതയുള്ളവരെ പരിഗണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ഉദ്യോഗാര്‍ഥികളുടെ പക്ഷം.
ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നുണ്ടെങ്കിലും പരിഗണിക്കുന്നതു തീരുമാനിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അധികയോഗ്യതയുള്ളവരുടെ അപേക്ഷകള്‍ തുടക്കത്തിലെ നിരസിക്കേണ്ടതിനു പകരം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയത് അവരോടു കാട്ടുന്ന വഞ്ചനയാണെന്നും ആക്ഷേപമുണ്ട്.
ബിരുദം യോഗ്യതയായ തസ്തികക്ക് അധികയോഗ്യതക്കാരെ നിയമിച്ച വിവാദമായ സംഭവം മുമ്പും നടന്നിട്ടുണ്ട്.
വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ക്ലോത്തിംഗ് ആന്‍ഡ് എംബ്രായിഡറി തസ്തികയിലേക്കുള്ള നിയമനത്തില്‍ അഞ്ച് വര്‍ഷം മുമ്പ് നിയമനം ലഭിച്ചവരെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
മറ്റു തസ്തികകളെപ്പോലെ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ തസ്തികയിലുള്ള നിയമനത്തിലെ യോഗ്യത സംബന്ധിച്ചും സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ മാറ്റംവരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഉത്തരവിലുണ്ട്.