മഹാരാഷ്ട്രയില്‍ സേന കടുത്ത നിലപാടിലേക്ക്

Posted on: November 10, 2014 12:41 am | Last updated: November 9, 2014 at 11:09 pm

uddav thakare

മുംബൈ: മഹാരാഷ്ട്രക്ക് പുറമെ കേന്ദ്രത്തിലും ബി ജെ പി- ശിവസേന സഖ്യം തകര്‍ച്ചയുടെ വക്കില്‍. ശിവസേന നേതാവ് സുരേഷ് പ്രഭുവിനെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പിന്തുണയുണ്ടായിരുന്ന എം പി അനില്‍ ദേശായി കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാതെ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അനില്‍ ദേശായിയുടെ മടക്കം. ഇതിന് പുറമെ കേന്ദ്രത്തില്‍ ശിവസേനയുടെ ഏക മന്ത്രിയായ അനന്ത് ഗീഥെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തന്നെ സേനാ നേതാവ് സുരേഷ് പ്രഭു ബി ജെ പിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുകയും ചെയ്തു. കാബിനറ്റ് മന്ത്രി സ്ഥാനമാണ് പ്രഭുവിന് നല്‍കിയിട്ടുള്ളത്. ഇതോടെ ബി ജെ പി- ശിവസേന തര്‍ക്കം അതിന്റെ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. കേന്ദ്രത്തില്‍ ഘടക കക്ഷിയായ ശിവസേന സഖ്യം ഉപേക്ഷിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും.

മഹാരാഷ്ട്രയിലെ പ്രശ്‌നം പരിഹരിക്കാതെ മന്ത്രിസഭാ വികസനം നടത്തിയത് ശിവസേനയെ ചൊടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയ ശേഷം സഖ്യ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ബി ജെ പിയുടെ നിലപാട്. എന്നാല്‍, സഖ്യ കാര്യത്തില്‍ ആദ്യം തീരുമാനം വേണമെന്ന നിലപാടില്‍ ശിവസേന ഉറച്ചു നില്‍ക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്‍ സി പിയുടെ പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പാക്കുകയാണെങ്കില്‍ ശിവസേന പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വ്യക്തമാക്കി ഉദ്ധവ് താക്കറെ രംഗത്തെത്തി. ശിവസേനയുടെ എം എല്‍ എമാരുടെ യോഗത്തിനു ശേഷം മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ധവ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലുണ്ടായ അപമാനം പാര്‍ട്ടി ഒരിക്കലും സഹിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. അനില്‍ ദേശായി സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിനോട് പ്രതികരിക്കവെ, എല്ലാ കാര്യങ്ങളും ശരിയായ വിധം നടക്കുകയാണെങ്കില്‍ അനില്‍ ദേശായി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി. ഇനിയും അപമാനങ്ങള്‍ എങ്ങനെയാണ് ഏറ്റുവാങ്ങുകയെന്ന് ശിവസേന എം പി ചന്ദ്രകാന്ത് ഖൈരെ ചോദിക്കുന്നു. എന്‍ ഡി എയില്‍ ശിവസേന ഘടകകക്ഷിയായി തുടരുന്നതിനും മഹാരാഷ്ട്രയില്‍ ബി ജെ പിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനും വിദൂര സാധ്യത മാത്രമേ ഉള്ളൂവെന്നാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടത്. ശിവസേനക്ക് കാബിനറ്റ് പദവി നല്‍കാമെന്നായിരുന്നു ബി ജെ പി നേരത്തെ വ്യക്തമാക്കിയതെന്നും അതില്‍ നിന്ന് പിന്നീട് പിന്മാറുകയായിരുന്നുവെന്നും ശിവസേന നേതാവ് ആരോപിച്ചു.
സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി ജെ പിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചത്. 288 അംഗ സഭയില്‍ ബി ജെ പിക്ക് 121 അംഗങ്ങളാണുള്ളത്. 41 അംഗങ്ങളുള്ള എന്‍ സി പി പുറമെ നിന്നുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 63 അംഗങ്ങളാണ് ശിവസേനക്കുള്ളത്.