ഒരു സ്‌കൂളും അടച്ചു പൂട്ടില്ല; മന്ത്രി അബ്ദുര്‍റബ്ബ്

Posted on: November 9, 2014 11:20 pm | Last updated: November 9, 2014 at 11:21 pm

abdu rabbuകോഴിക്കോട്: ലാഭകരമല്ലെന്ന് പറഞ്ഞ് ഒരു സ്‌കൂളും അടച്ചുപൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ആ പ്രയോഗം തന്നെ ശരിയല്ല. അത്തരത്തിലുള്ള 3,500 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ 1000 എണ്ണത്തെ ഈ വര്‍ഷം തന്നെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും. രണ്ടോ മൂന്നോ വര്‍ഷത്തിനകം മറ്റുള്ളവയെയും വിദ്യാഭ്യാസപരമായി ഉയര്‍ത്തി മികച്ച നിലവാരത്തിലെത്തിക്കും. കെ എസ് ടി യു റവന്യൂ ജില്ലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് ലക്ഷം കുട്ടികളെയാണ് സ്‌കൂളുകളില്‍ അധികമായി കാണിച്ചത്. ഏഴായിരത്തോളം അധ്യാപകരെ ഉള്‍പ്പെടെ ഇതില്‍ അധിക ബാധ്യത ഉണ്ടായി. അത്തരക്കാര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം നല്‍കിയിട്ടുണ്ട്. ഫിക്‌സേഷനിലേതുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്‌നങ്ങളെല്ലാം വളരെ വേഗത്തിലാണ് തീര്‍പ്പാക്കുന്നത്. ക്രിയാത്മക വിമര്‍ശനത്തിന് പകരം ചില യു ഡി എഫ് അനുകൂല സംഘടനകള്‍ പോലും അനവസരത്തിലുള്ള പരസ്യ കുറ്റപ്പെടുത്തലുകള്‍ നടത്തുന്നത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, ട്രഷറര്‍ വി കെ മൂസ, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ല വാവൂര്‍, കെ അബ്ദുല്‍ കരീം, കെ പി ആശിഖ്, ഡി ഡി ഇ ഡോ. ഗിരീഷ് ചോലയില്‍, ഡി പി ഒ കെ വത്സന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ കെ അബ്ദുല്ലതീഫ് പ്രസംഗിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ കുറിച്ച് നിഷ ടീച്ചര്‍ വടകര നടത്തിയ പഠന റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ചടങ്ങില്‍ കൈമാറി.