ട്രാഫിക് വാരാചരണം; 38 വാഹനങ്ങള്‍ പിടിച്ചിട്ടു

Posted on: November 9, 2014 5:41 pm | Last updated: November 9, 2014 at 5:41 pm

sharjah policeഷാര്‍ജ: ട്രാഫിക് സുരക്ഷാ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ഷാര്‍ജ പോലീസ് നടത്തിയ പരിശോധനയില്‍ 38 വാഹനങ്ങള്‍ പിടിച്ചിട്ടു. 350 നിയമ ലംഘനങ്ങള്‍ പിടികൂടി.
ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹുദൈദിയുടെ നിര്‍ദേശ പ്രകാരം പ്രഖ്യാപിച്ച ട്രാഫിക് സുരക്ഷാ വാരാചരണത്തിന്റെ ആദ്യ കാഴ്ചയിലാണ് ഇത്രയും വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടത്. മദാമിലെ അല്‍ വുഹൂഷ് സ്ട്രീറ്റില്‍ അപകടകരമാം വിധം ഓടിച്ച വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. കേസില്‍ ഒരു പറ്റം യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തു.
പൊതുഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ കൂട്ടമായി വാഹനങ്ങള്‍ നിര്‍ത്തിയിടുകയും പൊതു നിരത്തുകളില്‍ മത്സരയോട്ടം നടത്തുകയും ചെയ്ത സംഘത്തെയാണ് പോലീസ് പിടികൂടിയത്. വിവിധ തരത്തിലുള്ള ചെറുതും വലതുമായ നിയമലംഘനങ്ങള്‍ നടത്തിയ 350 കേസുകള്‍ കണ്ടെത്തുകയും ചെയ്തു. ന്യായമായ കാരണങ്ങളില്ലാതെ നടുറോഡില്‍ വാഹനം നിര്‍ത്തിയിടുക, വാഹനത്തിന്റെ എഞ്ചിനുകളില്‍ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തുക, പൊതുജനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കി വാഹനമോടിക്കുക തുടങ്ങിയ കേസുകളാണ് കണ്ടെത്തിയത്.
പൊതുനിരത്തുകളില്‍ അപകടകരമാം വിധം വാഹനങ്ങള്‍കൊണ്ട് അഭ്യാസം കാണിക്കുകയും മത്സരയോട്ടം നടത്തുകയും ചെയ്യുന്നവരെ പിടികൂടുകയെന്ന ലക്ഷ്യത്തിലാണ് പ്രധാനമായും കാമ്പയിന്‍ നടത്തുന്നത്. പോലീസിന്റെ ശ്രദ്ധ എപ്പോഴുമെത്താത്ത, നഗരത്തില്‍ നിന്ന് മാറിയുള്ള നിരത്തുകളില്‍ യുവാക്കള്‍ നടത്തുന്ന വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ ഈയിടെ കൂടിവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് രംഗത്തിറങ്ങിയത്.
വാഹനം പിടിച്ചിടുന്നതുള്‍പ്പെടെയുള്ള ശക്തമായതും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമ നടപടികള്‍ ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരേ സമയം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനുകളും അപായപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പ്രവണതകള്‍ ഒരിക്കലും കണ്ടില്ലെന്ന് നടിക്കില്ലെന്നും ഷാര്‍ജ പോലീസ് പറഞ്ഞു.