Connect with us

Malappuram

പൊന്നാനി ഫിഷറീസ് സ്റ്റേഷന് 50 ലക്ഷം രൂപയുടെ ഭരണാനുമതി

Published

|

Last Updated

പൊന്നാനി: കടലിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം ലക്ഷ്യമിട്ട് പൊന്നാനിയില്‍ സ്ഥാപിക്കുന്ന ഫിഷറീസ് സ്റ്റേഷന് 50 ലക്ഷം രൂപയുടെ ഭരണാനുമതി. ആറു മാസംകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്ന തരത്തില്‍ ഫിഷറീസ് സ്റ്റേഷന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ ബാബു പൊന്നാനി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ബീവിയെ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍മാണത്തിലിരിക്കുന്ന തീരദേശ പോലീസ് സ്റ്റേഷന് പുറമെയാണ് ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കുക. ഫിഷറീസ് സ്റ്റേഷനു വേണ്ടി നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഫിഷിംഗ് ഹാര്‍ബറിലെ 20 സെന്റ് സ്ഥലം ഫിഷറീസ് സ്റ്റേഷന് വേണ്ടി വിട്ടുനല്‍കണമെന്ന ആവശ്യമാണ് ബന്ധപ്പെട്ടവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഹാര്‍ബറിലെ സ്ഥലം ഫിഷറീസ് സ്റ്റേഷനു വേണ്ടി വിട്ടുകൊടുക്കാന്‍ അതിവേഗ നടപടിയുണ്ടാവണമെന്ന് ഫിഷറീസ് മന്ത്രി തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫിഷിംഗ് ഹാര്‍ബറിലെ വിശാലമായ പ്രദേശത്തുനിന്ന് ഫിഷറീസ് സ്റ്റേഷനു വേണ്ടി സ്ഥലം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥസംഘം അടുത്ത ദിവസം പൊന്നാനിയിലെത്തും. പുഴയോരത്തോട് ചേര്‍ന്ന സ്ഥലത്തായിരിക്കണം ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതെന്ന നിര്‍ദേശമുണ്ട്. തീരദേശ പോലീസ് സ്റ്റേഷനും ഫിഷറീസ് സ്റ്റേഷനും യാഥാര്‍ഥ്യമാകുന്നതോടെ മത്സ്യബന്ധനത്തിന് ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കുളള ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരമാകും.