Connect with us

Sports

സാല്‍ഗോക്കറിന് ഡ്യുറന്‍ഡ് കപ്പ്

Published

|

Last Updated

മഡ്ഗാവ്: 127മത്ഡ്യുറന്‍ഡ് കപ്പില്‍ സാല്‍ഗോക്കര്‍ എഫ് സി ചാമ്പ്യന്‍മാര്‍. ഫൈനലില്‍ പൂനെ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇത് മൂന്നാം തവണയാണ് സാല്‍ഗോക്കര്‍ ഡ്യുറന്‍ഡ് കപ്പ് ഉയര്‍ത്തുന്നത്. 1999. 2003 വര്‍ഷങ്ങളിലായിരുന്നു മുന്‍ കിരീടങ്ങള്‍. ജേതാക്കള്‍ക്ക് 25 ലക്ഷവും റണ്ണേഴ്‌സപ്പിന് 15 ലക്ഷം രൂപയുമാണ് പ്രൈസ് മണി. സെമിയിലെത്തിയ ബംഗളുരു എഫ് സി, സ്‌പോര്‍ട്ടിംഗ് ക്ലബ്ബുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിച്ചു. സാല്‍ഗോക്കര്‍ കോച്ച് ഡെറിക് പെരേരക്കിത് രണ്ടാം ഡ്യുറന്‍ഡ് കപ്പാണ്. ഒന്ന് കളിക്കാരന്‍ എന്ന നിലയിലാണെന്ന് മാത്രം.
മികച്ച ബോള്‍ പൊസഷനോടെ മത്സരം നിയന്ത്രിച്ച സാല്‍ഗോക്കര്‍ ഇരുപത്തൊന്നാം മിനുട്ടില്‍ താംഗാം സരണ്‍ സിംഗിലൂടെ വിജയഗോള്‍ നേടി. റോകസ് ലമാറെ മധ്യഭാഗത്ത് നിന്ന് നല്‍കിയ ത്രൂ പാസ് പിടിച്ചെടുത്ത സരണ്‍ സിംഗ് ഡിഫന്‍ഡര്‍മാരെ വക വെക്കാതെ ബോക്‌സിലേക്ക് ഇരച്ചു കയറി വലത് കാല്‍ കൊണ്ട് വിന്നര്‍ തൊടുത്തു.
ആദ്യ പകുതിയില്‍ തന്നെ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഗോവന്‍ ക്ലബ്ബ് പാഴാക്കി. ആദ്യ പകുതിയുടെ അവസാന മിനുട്ടിലാണ് പൂനെ എഫ് സിക്ക് എടുത്തു പറയത്തക്ക അവസരം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചത്. പ്രകാശ് തോറാട്ടിന്റെ ലോംഗ് ഷോട്ട് സാല്‍ഗോക്കര്‍ ഗോളി കരണ്‍ജിത് സിംഗ് കുത്തിയകറ്റിയപ്പോള്‍ പൂനെ ടീം നിരാശപ്പെട്ടു. രണ്ടാം പകുതിയില്‍ മധ്യനിരയിലായിരുന്നു കളി. പൂനെക്ക് മുന്നേറ്റമില്ലായിരുന്നു. സാല്‍ഗോക്കര്‍ വിജയമുറപ്പിക്കാന്‍ പന്തടക്കത്തിലൂടെ സമയം തീര്‍ത്തു.

 

Latest