ഇറാഖില്‍ യു എസ് സൈന്യത്തിന്റെ എണ്ണം ഇരട്ടിയാക്കുന്നു

Posted on: November 9, 2014 1:00 am | Last updated: November 9, 2014 at 1:00 am

iraq1വാഷിംഗ്ടണ്‍: ഇറാഖില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ സൈനികരുടെ എണ്ണം അമേരിക്ക ഇരട്ടിയാക്കുന്നു. നേരത്തെയുള്ളതിന് പുറമെ 1,500 സൈനികരെ കൂടി ഇറാഖിലേക്കയക്കാനുള്ള പദ്ധതി വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇറാഖിലും സിറിയയിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്കയും അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളും വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇസിലിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ വ്യോമാക്രമണങ്ങള്‍ക്കായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും നിരവധി പ്രദേശങ്ങള്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.
1,500 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാനുള്ള തീരുമാനം, ഇസിലിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഇറാഖ് സൈന്യം പിടിച്ചുനില്‍ക്കാനാകാതെ പിന്‍വാങ്ങാനുള്ള ഒരുക്കം നടത്തുകയാണ്. ഇവരെ സഹായിക്കാന്‍ പുതിയ സൈന്യത്തെ ഉപയോഗപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ഇറാഖ് സൈന്യത്തിന് നേരത്തെ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും അമേരിക്കന്‍ സൈനികരെ പ്രയോജനപ്പെടുത്തും. പുതിയ നീക്കം കരയുദ്ധത്തിന്റെ മുന്നോടിയാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
നിലവിലെ പോരാട്ട രീതിയില്‍ മാറ്റം വരുത്തില്ലെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് 1,500 സൈനികരെ കൂടി നിയോഗിക്കുന്നതെന്നും സൈനിക വക്താക്കള്‍ പറഞ്ഞു. 1,500 സൈനികരില്‍ 600 പേര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കാനും ഉപദേശം നല്‍കാനുമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് ഫണ്ട് അനുവദിച്ചാലല്ലാതെ ഇവരെ സൈനിക സേവനത്തിന് നിയോഗിക്കാന്‍ സാധിക്കില്ല. സെനറ്റിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വന്‍ പരാജയം നേരിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് പുതിയ സൈനിക പദ്ധതിയുമായി വൈറ്റ് ഹൗസ് മുന്നോട്ടുവന്നിരിക്കുന്നത്.
ഇറാഖില്‍ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സുന്നികളും ശിയാക്കളും സംയുക്തമായാണ് നിലവില്‍ പോരാടിക്കൊണ്ടിരിക്കുന്നത്.