പാമ്പാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ തമിഴ്‌നാട്

Posted on: November 8, 2014 8:34 pm | Last updated: November 9, 2014 at 10:14 am

pattisery dam kavery portion marayoorതൊടുപുഴ: കേരളം കഴിഞ്ഞയാഴ്ച തറക്കല്ലിട്ട പട്ടിശേരി ഡാമിനെതിരെയും തമിഴ്‌നാട് രംഗത്ത്. പാമ്പാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കത്തിലൂടെ ആവശ്യപ്പെട്ടു. കാവേരി നദീജല കരാര്‍ പ്രകാരം കേരളത്തിന് വിട്ടുകിട്ടിയ മൂന്ന് ടി എം സി ജലം കാവേരിയുടെ പോഷക നദിയായ പാമ്പാറില്‍ നിന്നും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് പട്ടിശേരി ഡാം. 

ഈ മാസം മൂന്നിന് ജലവിഭവ മന്ത്രി പി ജെ ജോസഫാണ് ഇതിന് തറക്കല്ലിട്ടത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കാന്തല്ലൂര്‍ പഞ്ചായത്തിലെ പട്ടിശേരിയില്‍ നിലവിലുള്ള നാലു മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടാണ് പുതുക്കിപ്പണിയുന്നത്.
ഇത് നിയമവിരുദ്ധമാണെന്നും കാവേരി ട്രൈബ്യൂണലിന്റെ 2007ലെ അവസാനത്തെ ഉത്തരവിന്റെ ലംഘനമാണെന്നും തമിഴ്‌നാട് വാദിക്കുന്നു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും അനുവാദമില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല എന്ന് അന്തിമ ഉത്തരവിലുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അവിടെ അണ കെട്ടിയാല്‍ തിരുപ്പൂര്‍ ജില്ലയിലെ അമരാവതിയിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറയും. തിരുപ്പൂര്‍, കരൂര്‍ ജില്ലകളിലെ 60,000 എക്കര്‍ ഭൂമിയില്‍ കൃഷി നടക്കുന്നത് പാമ്പാര്‍, തേനാര്‍, ചിന്നാര്‍ നദികളില്‍ നിന്നുള്ള വെളളത്തെ ആശ്രയിച്ചാണെന്നും പനീര്‍ശെല്‍വം കത്തില്‍ പറയുന്നു.
കാവേരി ട്രൈബ്യൂണല്‍ 2007 ഫെബ്രുവരി 12 നാണ് കേരളത്തിന് 30 ടി എം സി ജലം അനുവദിച്ച് ഉത്തരവായത്. ഇതിന്റെ പത്തിലൊന്ന് മാത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം ഉപയോഗിക്കാനൊരുങ്ങുന്നത്. കാവേരി ജലം സുപ്രീം കോടതി ഉത്തരവു പ്രകാരം നാലു വര്‍ഷം മുമ്പ് കര്‍ണാടകം തമിഴ്‌നാടിന് നല്‍കിത്തുടങ്ങിയെങ്കിലും കേരളത്തിന് വിട്ടുകിട്ടിയ ജലം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. 30 ടി എം സി ജലം ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്ന 40 മെഗാവാട്ടിന്റെ പാമ്പാര്‍ ജലവൈദ്യുതി പദ്ധതിക്ക് മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ ഒച്ചിഴയും വേഗത്തിലാണ്.
23 മീറ്റര്‍ ഉയരവും 135 മീറ്റര്‍ നീളവും ഒരു മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുമുള്ള അണക്കെട്ടാണ് പട്ടിശേരിയില്‍ ജലവിഭവവകുപ്പ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇതില്‍ സംഭരിക്കുന്ന ജലം 8.5 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മിച്ച് കാന്തല്ലൂര്‍ പഞ്ചായത്തിലെ 240 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
നിലവില്‍ നാലുമീറ്റര്‍ ഉയരത്തിലുള്ള ഡാമിനുപകരം ഫൗണ്ടേഷന്‍ ഉള്‍പ്പെടെ 23 മീറ്റര്‍ ഉയരത്തില്‍ 136 മീറ്റര്‍ നീളത്തിലുമാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. 26 കോടി രൂപയാണ് എസ്റ്റിമേറ്റ് തുകയെങ്കിലും 23 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ അന്തിമ വിധിയില്‍ കേരളത്തിന് ലഭിച്ച മൂന്ന് ടി എം സി ജലം പ്രയോജനപ്പെടുത്തുന്നതിനായി അഞ്ചു പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാമ്പാറിന്റെ പോഷക നദികളായ തലയാര്‍, ചെങ്ങളാര്‍, വട്ടവടയാര്‍ തുടങ്ങിയ നദികളിലാണ് ഡാമുകള്‍ നിര്‍മിക്കുക. ഒരു വര്‍ഷം കൊണ്ട് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പിന്റെ സബ്ഡിവിഷന്‍ ഓഫീസ് ഡാമിന്റെ നിര്‍മാണത്തിനായി മറയൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതി വിധി നേടിയെടുത്ത തമിഴ്‌നാട് കേരളത്തിന്റെ മണ്ണിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതാണ്ട് സ്വന്തമാക്കിയ മട്ടാണ്.