ബാര്‍ കോഴ: തെളിവുകള്‍ ഹാജരാക്കണമെന്ന് യു ഡി എഫ് നേതൃത്വം

Posted on: November 8, 2014 12:23 pm | Last updated: November 8, 2014 at 12:23 pm

udfതിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട യുഡിഎഫ് നേതൃത്വം രംഗത്ത്. ആരോപണം ഉന്നയിച്ചവര്‍ കാര്യത്തിലേക്ക് കടന്നപ്പോള്‍ തെളിവുകള്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളുമുള്ളവര്‍ വിജിലന്‍സിന് തെളിവുകള്‍ നല്‍കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതിന് മുമ്പ് ബാറുടമകള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനാണ് ബാറുടമകള്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം ബാര്‍ കോഴ വിവാദം വഷളാക്കിയത് സര്‍ക്കാരിന്റെ പാളിയ മദ്യനയമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. മദ്യനയം പ്രായോഗികമാകില്ലെന്ന് പറഞ്ഞവരെയെല്ലാം മദ്യലോബിയുടെ ഭാഗമാക്കി ചിത്രീകരിച്ചെന്നും മുരളി കുറ്റപ്പെടുത്തി.