ദീപശിഖ എത്തി; റവന്യൂ ജില്ലാ കായിക മേളക്ക് ആരവമുയരുന്നു

Posted on: November 8, 2014 11:02 am | Last updated: November 8, 2014 at 11:02 am

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓര്‍ക്കാട്ടേരി ഗവ. ഹൈസ്‌കൂള്‍ കായികാധ്യാപകനായിരുന്ന കെ വി സുരേഷിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖ ഇന്നലെ കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളില്‍ എത്തി. കെ കെ ലതിക എം എല്‍ എ ദീപശിഖാ റാലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വോളിബോള്‍ താരം ടി അസീസ്, ടി എച്ച് അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പി വത്സല ദീപ ശിഖ ഏറ്റുവാങ്ങി. ഈ മാസം 10, 11, 12 തീയതികളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കായികമേളയില്‍ 98 ഇനങ്ങളിലായി 3500 ഓളം കായിക താരങ്ങള്‍ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴെസണ്‍ കെ ശാന്ത, കെ കെ ജവഹര്‍ മനോഹര്‍, ടി പുഷ്പ, പി വത്സല, കെ സുനില്‍ കുമാര്‍ പങ്കെടുത്തു.