Connect with us

Malappuram

പ്രശ്‌നത്തിന് താത്കാലിക പരിഹാരം

Published

|

Last Updated

വണ്ടൂര്‍: അങ്ങാടിയിലെ ട്രാഫിക് പരിഷ്‌കരണത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹളത്തില്‍ കലാശിച്ചു. ബസ് തൊഴിലാളികളും പോലീസും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴുകിയതോടെ യോഗം ബഹളമയമായി.
നേരത്തെ തീരുമാനിച്ച ട്രാഫിക് പരിഷ്‌കരണം ഒരാഴ്ച തുടരാന്‍ ബസ്‌തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ പത്തിനാണ് സ്ഥലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സിതാരയുടെ അധ്യക്ഷതയില്‍ ട്രാഫിക് ക്രമീകരണ യോഗം ചേര്‍ന്നത്. ബസ് തൊഴിലാളി സംഘടന പ്രതിനിധികള്‍, വണ്ടൂര്‍ സി ഐ, പഞ്ചായത്ത് ഭാരവാഹികള്‍, വില്ലേജ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പുതിയ ട്രാഫിക് പരിഷ്‌കരണത്തിലൂടെ കൂടുതല്‍ സമയവും ഇന്ധന നഷ്ടവും തങ്ങള്‍ക്കുണ്ടാകുമെന്ന് ബസ് തൊഴിലാളികള്‍ അറിയിച്ചു. കൂടാതെ നിലമ്പൂര്‍ റോഡിലെ അങ്ങാടിപൊയില്‍ സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കാതെ പാണ്ടിക്കാട് റോഡിലെ മണലിമ്മല്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്താമെന്നും ഇവര്‍ നിര്‍ദേശിച്ചു.
പഞ്ചായത്തിലെ രണ്ട് സ്റ്റാന്‍ഡുകളും ഒരു പോലെ സംരക്ഷിക്കേണ്ട ചുമതല പഞ്ചായത്തിനുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും ഗ്രാമപഞ്ചായത്ത് ഭാരവാഹിയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പിടി ജബീബ് സുക്കീര്‍ പറഞ്ഞു.
പാതയോരം കയ്യേറിയുള്ള കച്ചവട സ്ഥാപനങ്ങള്‍ ഒഴിവാക്കാത്തതിലും തകരാറിലായ സ്ലാബുകള്‍ ശരിയാക്കാത്തതിലും പ്രതിഷേധമുയര്‍ന്നു. ഗതാഗത പരിഷ്‌കരണ സമിതിയുടെ തീരുമാനം ഒരു ദിവസം പോലും പ്രാബല്യത്തില്‍ വരുത്താതെ മുന്നറിയിപ്പില്ലാതെ സമരം നടത്തിയ ബസ് തൊഴിലാളികളുടെ നടപടിക്കെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.
ഇപ്രകാരം ആരോപണ പ്രത്യാരോപണങ്ങളെ തുടര്‍ന്ന് യോഗം അവസാനിക്കുകയായിരുന്നു. അതെസമയം ട്രാഫിക് പരിഷ്‌കരണ സമിതിയുടെ തീരുമാനം ബസ് തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാരുടെ വിഷമതകള്‍ കാരണമാണ് സമരം പിന്‍വലിക്കുന്നതെന്നും ഒരാഴ്ച്ചക്കകം തീരുമാനമായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും തൊഴിലാളികള്‍ അറിയിച്ചു. ഹമീദ് കുരിക്കള്‍, സുരേഷ് കളത്തുംപടി, ടിഎ ഷിബു സംസാരിച്ചു.

Latest