Connect with us

Malappuram

നിലംപൊത്താറായ വീട്ടില്‍ ഭീതിയോടെ ഒരു കുടുംബം

Published

|

Last Updated

എടക്കര: “കാറ്റേ നീ വീശരുതിപ്പോള്‍, കാറേ നീ പെയ്യരുതിപ്പോള്‍” എന്ന പ്രാര്‍ഥനയാണ് സെറീനക്കുള്ളത്. പള്ളിപ്പടി ഉണിച്ചന്തത്ത് കരിയംമുരിയം വനാതിര്‍ത്തിയില്‍ ഏതു സമയവും നിലം പൊത്താറായ വീട്ടിലാണ് എടപ്പാറ സെറീനയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്.
അഞ്ച് സെന്റ് സ്ഥലത്ത് 30 വര്‍ഷം മുമ്പ് പണിത വീട് തൂണിന്റെ ബലത്തിലാണിപ്പോള്‍ നില്‍ക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് അടുക്കള ഭാഗം താഴ്ന്നതോടെയാണ് മുട്ട് കൊടുത്തത്. മേല്‍കൂരയും തകര്‍ന്നിട്ടുണ്ട്. ഒരു കിടപ്പുമുറിയാണുള്ളത്. ഇത് ചോര്‍ന്നൊലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഇട്ടിരിക്കുകയാണ്. രണ്ട് പെണ്‍മക്കളുമൊത്ത് സെറീന ഇതിനുള്ളില്‍ കഴിയുന്നത് ഏതു സമയവും ദുരിതം മുന്നില്‍ കണ്ടാണ്.
മാറിപ്പോവാന്‍ ഇവര്‍ക്ക് മറ്റൊരുയിടവുമില്ല. സെറീന ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. വീടിനുള്ള ധനസഹായത്തിന് അഞ്ച് വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന മറുപടി കേട്ട് മടുത്തിരിക്കുകയാണ് ഇവര്‍.