രാധ വധം: സാക്ഷി വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയാകും

Posted on: November 8, 2014 12:46 am | Last updated: November 8, 2014 at 12:46 am

മഞ്ചേരി: നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ രാധയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ സാക്ഷി വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയാകും. ആകെ 172 സാക്ഷികളാണുള്ളത്. ഇതില്‍ 108ാം സാക്ഷി ശിവദാസന്‍ വിചാരണക്കിടെ മരിച്ചിരുന്നു. 63 സാക്ഷികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
109ാം സാക്ഷിയായ തൃശൂര്‍ ഡി സി ആര്‍ ബി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശശിധരനെ തിങ്കളാഴ്ച വിചാരണ കോടതിയായ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ് ശശി കുമാര്‍ മുമ്പാകെ വിസ്തരിക്കും. ഇതോടെ കേസിലെ സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിസ്താരം പൂര്‍ത്തിയാകും. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്ത ശേഷം കേസിന്റെ വാദം ആരംഭിക്കും. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍, നിലമ്പൂര്‍ സി ഐ ബഷീര്‍ എന്നിവരെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജി മാത്യു, പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ കെ ആര്‍ ഷൈന്‍, ആശാ ഷൈന്‍, പി കെ വര്‍ഗീസ് എന്നിവര്‍ ഹാജരായി.