Connect with us

National

ആശാറാം ബാപ്പുവും മകനും രാഷ്ട്രീയത്തില്‍ സജീവമാകുന്നു

Published

|

Last Updated

ജയ്പൂര്‍: ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവും അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ സായിയും സ്വന്തം പാര്‍ട്ടിയിലൂടെ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നു.
ബാപ്പുവിന്റെ നിര്‍ദേശ പ്രകാരം ഒജ്വസി പാര്‍ട്ടിയിലേക്കായി ഡല്‍ഹിയിലെ എഴുപതോളം വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതായി, ദേശീയ വൈസ് പ്രസിഡന്റ്‌സ്വാമി ഓംജി അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷം മുമ്പ് രൂപവത്കരിക്കപ്പെട്ട ഒജ്വസി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോധ്പൂര്‍ ജയിലില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആശാറാം ബാപ്പു രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ അഴിമതി രഹിത സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനും അഴിമതി രഹിതനായ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നതിനും പാര്‍ട്ടി പ്രാമുഖ്യം നല്‍കുമെന്ന് ആശാറാം ബാപ്പു വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പിയും തങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കാത്തതിനാലാണ് ബാപ്പു രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് ഓംജി പറഞ്ഞു. നേരത്തെ ഓജ്വസി പാര്‍ട്ടിയുമായി സഹകരിക്കാമെന്ന് വാഗ്ദാനം നല്‍കിയ ബി ജെ പി പ്രസിഡന്റ് നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.