കെ എം സി സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി

Posted on: November 8, 2014 12:16 am | Last updated: November 8, 2014 at 12:16 am

oommenchandiമലപ്പുറം: കെ എം സി സി മറ്റ് സംഘടനകള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഊദി കെ എം സി സി വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിക്ക സംഘടനകളും തങ്ങളുടെ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തെ ഒന്നാകെ സേവിക്കുന്നതാണ് കെ എം സി സിയെ വ്യത്യസ്തമാക്കുന്നത്. വിദേശത്ത് പോയാല്‍ നാടിനെ മറക്കാത്തവരാണ് കെ എം സി സി പ്രവര്‍ത്തകര്‍. ഹൃദയങ്ങള്‍ തമ്മിലുളള അടുപ്പത്തിന്റെ പ്രതീകമാകാന്‍ കഴിഞ്ഞുവെന്നതാണ് സമൂഹത്തില്‍ കെ എം സി സിക്കുളള സ്വീകാര്യതക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രമുഖന്‍ കെ ടി റബീഉല്ലയെ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കുകയും സുബ്രതോകപ്പില്‍ മികച്ച വിജയം നേടിയ എം എസ് പി ടീമിനുളള പുരസ്‌കാരം കൈമാറുകയും ചെയ്തു.
മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സുരക്ഷാഫണ്ട് വിതരണം ചെയ്തു. ബൈത്തുര്‍റഹ്മ താക്കോല്‍ ദാനം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കെ എം സി സി സഊദി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി കെ അബ്ദുര്‍റബ്ബ്, ഇ ടി മുഹമ്മദ് ബശീര്‍ എം പി, പി ഉബൈദുല്ല എം എല്‍ എ, അശ്‌റഫ് വെങ്ങാട്, വി എ റഹ്മാന്‍ പൊന്മള തുടങ്ങിയവര്‍ പ്രസംഗിച്ചു.