റബ്ബര്‍ വിലയിടിവ്: ഉടന്‍ നടപടി വേണം- സി പി എം

Posted on: November 8, 2014 5:15 am | Last updated: November 8, 2014 at 12:15 am

തിരുവനന്തപുരം: റബ്ബര്‍ വിലയിടിവ് കാരണം ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആഗോളതലത്തിലെ റബ്ബര്‍ വിലയിടവിന്റെ മറവില്‍ ഇവിടുത്തെ കര്‍ഷകര്‍ ആക്രമിക്കപ്പെടുകയാണ്. റബ്ബര്‍ വിലയിടിവ് തടയുന്നതിന് സ്വാഭാവിക റബ്ബറിന്റെതുള്‍പ്പെടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണം. ആഭ്യന്തര റബ്ബര്‍ വില കുത്തനെ ഇടിയാന്‍ കാരണമായത് കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയമാണ്. ഇത് തിരുത്തിക്കുന്നതിന് യു പി എ സര്‍ക്കാരിന്റെ കാലം മുതല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കഴിയുന്നില്ല.
ഒന്നരവര്‍ഷം മുമ്പ് 280 രൂപ വിലയുണ്ടായിരുന്ന റബ്ബറിന് ഇന്ന് 116 രൂപയാണ്. ഇതിനാല്‍ റബ്ബര്‍ കൃഷി ഉപജീവന മാര്‍ഗമാക്കിയ 80 ലക്ഷത്തോളം പേരുടെ ജീവിതം കഷ്ടപ്പാടിലാവുകയാണ്. 100 രൂപക്ക് റബ്ബര്‍ വില്‍ക്കേണ്ടിവരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഉത്പാദനച്ചെലവ് പോലും കിട്ടാത്ത സ്ഥിതിയാണ്. ഇറക്കുമതി വര്‍ധിപ്പിച്ച് കൃത്രിമ വിലയിടവ് ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ സൃഷ്ടിക്കുകയാണ്. റീബ്ബറിന് കിലോക്ക് 170 രൂപയെങ്കിലുംനിശ്ചിത വില പ്രഖ്യാപിച്ച് കര്‍ഷക സമൂഹത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. പിണറായി പ്രസ്താവനയില്‍ പിണറായി പറയുന്നു.