Connect with us

Kozhikode

മര്‍കസ് എക്‌സ്‌പോ: ഒരുക്കങ്ങള്‍ തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ഡിസംബര്‍ 18- 21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37- ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “മര്‍കസ് എക്‌സ്‌പോ” യുടെ ഒരുക്കങ്ങള്‍ തുടങ്ങി. കാര്‍ഷികം -14, ടെക്‌നോ ഫെസ്റ്റ്, ജനറല്‍ എക്‌സിബിഷന്‍ എന്നീ പവലിയനുകളാണ് മര്‍കസ് എക്‌സ്‌പോയില്‍ ഒരുക്കുന്നത്. അടുത്ത മാസം 17 മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ആധുനിക കാര്‍ഷിക രീതികള്‍, കാര്‍ഷിക യന്ത്രങ്ങള്‍, അത്യുത്പാദനശേഷിയുള്ള നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍, വിവിധയിനം ജൈവ വളങ്ങള്‍, കീടനാശിനികള്‍, വളര്‍ത്തുപക്ഷി മൃഗാദികള്‍, കേരളീയ കാര്‍ഷിക പൈതൃക ദൃശ്യവത്കരണം തുടങ്ങിയവയാണ് കാര്‍ഷികം -14 പവലിയനില്‍ ഒരുക്കുന്നത്. കേരളീയ സമൂഹത്തെ ആധുനിക കാര്‍ഷിക മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും ബോധവത്കരിക്കാനുമുള്ള വിവിധ സെമിനാറുകളും ഇതോടൊപ്പം നടക്കും.
സാങ്കേതിക വിദ്യകളുടെ വിസ്മയകരമായ കാഴ്ചകളാണ് ടെക്‌നോഫെസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആധുനിക വാസ്തു ശില്‍പ്പ രീതികള്‍, ഉപകരണങ്ങള്‍, നിര്‍മാണ മേഖലയിലെ വിവിധയിനം യന്ത്രങ്ങള്‍, വാര്‍ത്താ വിനിമയ രംഗത്തെ നൂതനമായ ഉപകരണങ്ങള്‍ തുടങ്ങിയ കാഴ്ചകളാണ് ടെക്‌നോഫെസ്റ്റില്‍ സംവിധാനിക്കുന്നത്. ഇതോടൊപ്പം സാങ്കേതിക മേഖലയിലെ നവീനമായ സാധ്യതകളെ സംബന്ധിച്ചുള്ള സെമിനാറുകള്‍, ശില്‍പ്പശാലകള്‍ നടക്കും. സംസ്ഥാനത്തുടനീളമുള്ള മര്‍കസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്‍ഷികം, സാങ്കേതിക വിദ്യ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനങ്ങള്‍ ഒരുക്കാവുന്നതാണ്. കേരള സര്‍ക്കാറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മര്‍കസ് എക്‌സ്‌പോയില്‍ പ്രശസ്ത സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഔദ്യോഗിക സ്റ്റാളുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946041946 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

 

Latest