Connect with us

Gulf

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കനത്ത തിരക്ക്

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ രാജ്യാന്ത പുസ്തകമേളയില്‍ കനത്ത തിരക്ക്. രണ്ടാം ദിവസമായ ഇന്നലെ വൈകുന്നേരം ആയിരക്കണക്കിന് സന്ദര്‍ശകരാണ് മേളയുടെ വേദിയായ ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ജന പ്രീതിയുള്ള ഡാന്‍ ബ്രൗണ്‍, മലയാള സിനിമാ താരം മഞ്ജു വാര്യര്‍ തുടങ്ങിയവരായിരുന്നു ഇന്നലത്തെ അതിഥികള്‍. ഇന്ന് വാരാന്ത്യ അവധി ദിനം ആയത് കൊണ്ട് ഇന്നലത്തെക്കാള്‍ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. നിരവധി പ്രമുഖ വ്യക്തികളാണ് മേളക്കെത്തുന്നത്. ഇന്നലെയും ഇന്നുമായി നിരവധി പുസ്തക പ്രകാശനങ്ങള്‍, കയ്യൊപ്പ് ചാര്‍ത്തല്‍, ചര്‍ച്ച, തുടങ്ങിയവ നടക്കുന്നുണ്ട്. പുസ്തകങ്ങള്‍ വലിയ തോതില്‍ വിറ്റുപോകുന്നതായി പ്രസാധകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് നല്ല വില്‍പനയുണ്ട്. ഇതോടൊപ്പം തന്നെ ഗള്‍ഫ് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും ധാരാളമായി വിറ്റുപോകുന്നു.
ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ് ഐ ബി എഫ്)യില്‍ ഇന്ന് യു എ ഇയിലെ മാധ്യമപ്രവര്‍ത്തകരുടേതടക്കം ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനവും കാവ്യസന്ധ്യയും നടക്കും.
സാദിഖ് കാവിലിന്റെ നോവല്‍ ഔട്ട്പാസ് വൈകുന്നേരം നാലരയ്ക്ക് സാഹിത്യകാരന്‍ സേതു പ്രകാശനം ചെയ്യും. ബുക്ക് ഫോറം ഹാളിലാണ് പരിപാടി. അഞ്ചര മുതല്‍ ആറര വരെ ലിറ്റററി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി പി ശശീന്ദ്രന്റെ ഈന്തപ്പനച്ചോട്ടില്‍ എന്ന ലേഖന സമാഹാരം എം പി വീരേന്ദ്രകുമാറും ആറര മുതല്‍ ഏഴര വരെ നടക്കുന്ന പരിപാടിയില്‍ ഷാബു കിളിത്തട്ടലിന്റെ സ്‌പെഷല്‍ ന്യൂസ് എന്ന പുസ്തകം കവി വി മധുസൂദനന്‍നായരും പ്രകാശനം ചെയ്യും. ആറര മുതല്‍ എട്ടര വരെ ലക്ഷ്മി നായരുടെ പാചക പരിപാടി കുക്കറി കോര്‍ണറില്‍ നടക്കും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ പങ്കെടുക്കുന്ന പരിപാടി ആറ് മുതല്‍ ഏഴ് വരെ ബുക്ക് ഫോറം ഹാളില്‍ നടക്കും.
കൈരളി ബുക്‌സിന്റെ ഏതാനും പുതിയ പുസ്തകങ്ങള്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. ജമാല്‍ മൂക്കുത്തലയുടെ കാവ്യസമാഹാരമായ “പച്ച മൂടിയ മുറിവുകള്‍” പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യും. കൈരളി ബുക്‌സിന്റെ സ്റ്റാളില്‍(കെ 5,6) ഇന്ന് വൈകുന്നേരം 7.30 നാണ് ചടങ്ങ്.
സുഗതകുമാരി, കെ ജി ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, വി മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ, പി പി രാമചന്ദ്രന്‍ എന്നിവര്‍ അണിനിരക്കുന്ന കാവ്യ സന്ധ്യ എട്ടര മുതല്‍ 10 വരെ ബാള്‍റൂമില്‍ അരങ്ങേറും. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ അമിഷ് തൃപാതി, രാജേന്ദ്ര ഉപാധ്യായ്, പ്രഫ.വിനോദ് ജോഷി, ശ്രീനിവാസറാവു എന്നിവരുടെ പരിപാടികളും ഉണ്ടായിരിക്കും.
ഇ-ബുക്കുകള്‍ അച്ചടി പുസ്തകങ്ങളുടെ അന്ത്യം കുറിച്ചില്ലെന്ന് പ്രസാധകര്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്കെത്തിയ പ്രസാധകരുടെതാണ് അഭിപ്രായം. ചരിത്രം, കല, ശില്‍പ ചാതുര്യം, ജീവിത ശൈലി, തുടങ്ങിയവയുടെ പുസ്തകങ്ങള്‍ക്ക് മികവുറ്റ അച്ചടി അനിവാര്യമാണെന്ന് ടാസ്‌കന്‍ പബ്ലിഷിംഗ് ഹൗസിന്റെ പബ്ലിക് റിലേഷന്‍ മാനേജര്‍ മാര്‍ക്ക് ബെസ്റ്റ് പറഞ്ഞു. ഞങ്ങള്‍ നിരവധി ഇ-പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ അച്ചടിയിലേക്ക് വീണ്ടും തിരിച്ചെത്തി. അച്ചടി പുസ്തകങ്ങളുടെ അത്ര സ്വീകാര്യത ഇ-പുസ്തകങ്ങള്‍ക്കില്ല. 125 ഓളം നാഷനല്‍ ജോഗ്രാഫി ഫോട്ടോഗ്രഫി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഗ്രൂപ്പാണ് ടാസ്‌കന്‍ പബ്ലിഷിംഗ് ഹൗസ്. ഇപ്പോഴും എഴുത്തുകാരും ആഗ്രഹിക്കുന്നത് പുസ്തക രൂപങ്ങള്‍ തന്നെയാണ്. അച്ചടി പുസ്തകങ്ങള്‍ക്ക് മരണമില്ലെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഈ പുസ്തകമേള കടന്നുപോകുന്നത്.
പ്രവാസി കഥാകൃത്ത് അശ്‌റഫ് പേങ്ങാട്ടയിലിന്റെ “മണല്‍ ഘടികാരം” എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം നാളെ (ശനി) വൈകുന്നേരം നാലിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിക്കും. പുസ്തക മേളയോടനുബന്ധിച്ചു ഇന്ത്യ പവലിയനില്‍ നടക്കുന്ന ബുക്ക് ഫോറത്തില്‍ പ്രമുഖ എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ഷാജഹാന്‍ മാടമ്പാട്ട് കൃതി ഏറ്റു വാങ്ങും.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച “മണല്‍ ഘടികാരം” അശ്‌റഫ് പെങ്ങാട്ടയിലിന്റെ ദീര്‍ഘ കാലത്തെ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും ഗള്‍ഫില്‍ താമസിക്കുന്ന പരദേശങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍കാഴ്ചകളുമാണ്.
സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

Latest