Connect with us

Gulf

പാര്‍ട്ണര്‍ഷിപ്പ് കേരളയില്‍ പ്രവാസികള്‍ക്ക് സംരംഭരാകാം

Published

|

Last Updated

ദുബൈ: പാര്‍ട്ണര്‍ഷിപ്പ് കേരള എന്നപേരില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്ത പദ്ധതി കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് കേരള പ്ലാനിംഗ് ബോര്‍ഡ് അംഗം സി പി ജോണ്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ-പൊതുജന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ദേശീയ തലത്തില്‍ നേരത്തെതന്നെ പദ്ധതികള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി ഈ ആശയം ഉപയോഗിക്കുന്നത്. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ വികസനത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഇതിലൂടെ സാധ്യമാവും. ഗള്‍ഫ് സംരംഭകര്‍ക്ക് വലിയ സാധ്യതയാണ് ഇതിലൂടെ തുറന്നിടുന്നത്. സാധാരണക്കാര്‍ക്ക് പോലും നാടിന്റെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയും. ഒരു ലക്ഷം മുതല്‍ 30 കോടിവരെ പദ്ധതികളില്‍ മുടക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. അതിനര്‍ഥം ഗള്‍ഫില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്ക് പോലും നാട്ടില്‍ സംരംഭകരാകാം എന്നുള്ളതാണ്.
കണ്ണൂരിലെ ബസ് സ്റ്റാന്റ് പോലുള്ള ചില പദ്ധതികള്‍ പി പി പി വഴിയായിരുന്നു. ഇതേ മാതൃകയില്‍ കണ്‍വെന്‍ഷന്‍ സെന്ററുകളും ഹോട്ടലുകളും മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ചില പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രചാരണാര്‍ഥമാണ് ഗള്‍ഫില്‍ എത്തിയതെന്ന് ജോണ്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ അപജയത്തിന്റെ പാതയിലാണ്. പശ്ചിമ ബംഗാളില്‍ സി പി എം ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന് പകരമായി വിശാലമായ ഇടതുപക്ഷ ചേരിയാണ് രൂപപ്പെടുത്തേണ്ടത്. ഇതില്‍ കോണ്‍ഗ്രസിനും പങ്കുവഹിക്കാനുണ്ട്. നവ കമ്യൂണിസ്റ്റ് ചിന്ത വേണം എന്ന ആശയത്തിലൂന്നിയാണ് സി എം പി പ്രവര്‍ത്തിക്കുന്നത്. എം വി രാഘവന്റെ നേതൃത്വത്തിലുള്ള സി എം പി പിളര്‍ന്നതിനുശേഷം ആദ്യത്തെ സമ്മേളനമാണ് കേരളത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എം വി ആറിന് രാഷ്ട്രീയ പ്രജ്ഞ നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് മാര്‍ഗ നിര്‍ദേശം തരാന്‍ പറ്റുന്നില്ല. ദൗര്‍ഭാഗ്യകരമാണ് ഈ അവസ്ഥ. എന്നാലും സി എം പി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Latest