ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ബിജു രമേശ്

Posted on: November 7, 2014 2:26 pm | Last updated: November 7, 2014 at 11:06 pm

biju rameshതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ബിജു രമേശ്. വിജിലന്‍സിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. പറഞ്ഞത് മാറ്റിപറഞ്ഞിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞത് തന്നെയാണ് വിജിലന്‍സിനോട് പറഞ്ഞത്. കൂടുതല്‍ രേഖകള്‍ ഉച്ചയ്ക്ക് ശേഷം കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു.
ആരുമായും ഒത്തുതീര്‍പ്പിനില്ല. അഞ്ചുകോടിയാണ് ചോദിച്ചത്. എന്നാല്‍ ഒരുകോടിയാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചംഗ സംഘമാണ് ബിജു രമേശിന്റെ മൊഴിയെടുത്തത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
അതേസമയം ബാര്‍ തുറക്കുന്നതിന് പണം നല്‍കിയെന്ന ആരോപണത്തില്‍ നിന്ന് ബാര്‍ അടയ്ക്കുന്നതിന് മുമ്പ് പണം നല്‍കിയെന്നാണ് താന്‍ പറഞ്ഞതെന്ന് ബിജു രമേശ് പറഞ്ഞു. ഇതോടെ കോഴ വാങ്ങിയെന്ന കേസ് ദുര്‍ബലപ്പെടുമെന്നാണ് കരുതുന്നത്.
കോഴ വാങ്ങിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും തനിക്കുമേല്‍ ഒരു സമ്മര്‍ദവും ഇല്ലെന്നും ബിജു രമേശ് വിജിലന്‍സിന് മുമ്പാകെ ഹാജരാകുന്നതിന് മുമ്പ് പറഞ്ഞിരുന്നു. വിജിലന്‍സിന് തെളിവുകള്‍ നല്‍കില്ലെന്നും സര്‍ക്കാറുമായി ഒത്തു തീര്‍പ്പിന് സാധ്യതയുണ്ടെന്നും രാവിലെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.