പ്രൊഫസറുടെ കൊലപാതകം അന്വേഷണം ഊര്‍ജിതപ്പെടുത്തി

Posted on: November 7, 2014 11:12 am | Last updated: November 7, 2014 at 11:12 am

ഗൂഡല്ലൂര്‍: കോയമ്പത്തൂരിലെ സ്വകാര്യ കോളജ് പ്രൊഫസറുടെ കൊലപാതകം അന്വേഷണം ഊര്‍ജിതപ്പെടുത്തി. മേട്ടുപാളയം കാരമട ബാലാജിനഗര്‍ സ്വദേശി ധര്‍മരാജിന്റെ മകള്‍ രമ്യ (24)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസ് അന്വോഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ എസ് പി സുധാകര്‍, മേട്ടുപാളയം സി ഐ വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്‍പത് പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കോളജ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രമ്യയുടെ മാതാവ് മാലതി (48)യുടെ മൊഴി പോലീസിനെ കുഴക്കുകയാണ്. എനിക്ക് ഒന്നും അറിയില്ലെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. ബാലാജി നഗറിലെ വീട്ടില്‍വെച്ചാണ് സംഭവം നടന്നിരുന്നത്. വീട്ടിനുള്ളില്‍ നിന്ന് രണ്ട് മദ്യബോട്ടിലുകളും കൈഉറയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവസമയത്ത് രമ്യയും, മാലതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് കൊല നടത്തിയിരുന്നത്.
രമ്യയെ മുറിയില്‍ നിന്നാണ് വെട്ടികൊലപ്പെടുത്തിയിരിക്കുന്നത്. അടുക്കളയില്‍ വെച്ചാണ് മാലതിയെ വെട്ടിയിരിക്കുന്നത്. രക്തം വാര്‍ന്ന് കിടന്ന മാലതിയെ പിന്നീട് ഭര്‍ത്താവ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.