വൈകി എത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു

Posted on: November 7, 2014 10:33 am | Last updated: November 7, 2014 at 10:33 am

കോട്ടക്കല്‍: ഓഫീസില്‍ വൈകിയെത്തല്‍ പതിവാക്കിയ വില്ലേജ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
തെന്നല വില്ലേജ് ഓഫീസിലെ ജീവനക്കാരെയാണ് തടഞ്ഞത്. പതിവായി 11, 12 മണിക്കാണ് ഇവിടെ ജീവനക്കാരെത്തുക. ഇതുകാരണം ഓഫീസ് സമയത്ത് വിവിധാവശ്യങ്ങള്‍ക്കായി എത്തുന്ന ജനം കാത്തി നിന്ന് മടുക്കുക പതിവാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജീവനക്കാരുടെ ചെയ്തിയില്‍ ദുരിതത്തിലായിരുന്നത്.
സഹിക്കെട്ട നാട്ടുകാര്‍ ഇന്നലെ പതിവുപോലെ 12 മണിയോടെ ഓഫീസിലെത്തിയ ജീവനക്കാരെ തടയുകയായിരുന്നു. അകത്ത് കയറാന്‍ സമ്മതിക്കാതിരുന്നതോടെ തിരൂര്‍ ആര്‍ ഡി ഒ കെ ഗോപാലുമായി ബന്ധപ്പെട്ടു. അദ്ദേഹം തിരൂരങ്ങാടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണനെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ചുമതല പെടുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്‌റഫ് തെന്നലയും നാട്ടുകാരുമായി ഇദ്ദേഹം നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ജീവനക്കാരെ അകത്ത് കടത്തിയത്. വില്ലേജ് ഓഫീസര്‍ക്ക് എടരിക്കോട് വില്ലേജിന്റെ കൂടി ചുമതലയുള്ളതിനാല്‍ പലപ്പോഴും ഇദ്ദേഹത്തിന് ഇവിടെ എത്തനോ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരൂക്ഷിക്കാനോ ആവാറില്ല.
ഇത് മുതലെടുത്താണ് മറ്റ് ജീവനക്കാര്‍ മുങ്ങല്‍ പതിവാക്കിയിരുന്നത്.