ജനപക്ഷ യാത്ര നാളെ ജില്ലയില്‍

Posted on: November 7, 2014 10:17 am | Last updated: November 7, 2014 at 10:17 am

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര നാളെ ജില്ലയില്‍ പ്രവേശിക്കുമെന്നും സ്വീകരണ സമ്മേളനങ്ങള്‍ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഡി സി സി പ്രസിഡന്റ് കെ സി അബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തെ ജനപക്ഷ പരിണാമത്തിലേക്ക് നയിക്കാന്‍ ‘ലഹരിവിമുക്ത കേരളം, അക്രമരഹിത കേരളം, മതേതര കേരളം, വികസിത കേരളം’ എന്നീ കാലിക മുദ്രാവാക്യമാണ് യാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ മാസം എട്ടിന് വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരം താമരശ്ശേരിയിലെ സ്വീകരണത്തോടെയാണ് ജില്ലയില്‍ പ്രവേശിക്കുക. ജില്ലയില്‍ നിന്നുള്ള എം പിമാര്‍, കെ പി സി സി, ഡി സി സി, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയെ വരവേല്‍ക്കും. കൊടുവള്ളി നിയോജക മണ്ഡലത്തിലെ സ്വീകരണമാണ് അഞ്ചിന് താമരശ്ശേരിയില്‍ നടക്കുന്നത്.
തുടര്‍ന്ന് ആറിന് മുക്കത്ത് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്വീകരണം സംഘടിപ്പിക്കും. രാത്രി ഏഴിന് കുന്ദമംഗലത്ത് ആദ്യ ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം നടക്കും. ഞായറാഴ്ച യാത്രയില്ല. തിങ്കളാഴ്ച രാവിലെ 10ന് ബാലുശ്ശേരിയില്‍ നിന്ന് പുനരാരംഭിക്കും. 11 മണിക്ക് പേരാമ്പ്രയിലെ സ്വീകരണ ശേഷം മൂന്നിന് കുറ്റിയാടിയിലും വൈകുന്നേരം നാലിന് നാദാപുരത്തും സ്വീകരണം ഒരുക്കും. സമാപനം വൈകീട്ട് ആറിന് വടകരയില്‍ നടക്കും.
11ന് പര്യടനം രാവിലെ പത്തിന് കൊയിലാണ്ടിയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് കക്കോടിയിലും ഫറൂഖിലും സ്വീകരണം നല്‍കിയതിന് ശേഷം വൈകുന്നേരം അഞ്ചിന് മുതലക്കുളത്ത് സമാപിക്കും. സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
യാത്രയോടനുബന്ധിച്ച് പത്തിന് രാവിലെ പത്ത് മണിക്ക് ഡി സി സിയില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെയും സ്വാതന്ത്ര്യസമര സേനാനികളെയും വി എം സുധീരന്‍ നേരിട്ട് കാണുമെന്നും ഡി സി സി പ്രസിഡന്റ് കെ സി അബു പറഞ്ഞു. കെ വി സുബ്രഹ്മണ്യന്‍, അഡ്വ. ഐ മൂസ, കെ പി ബാബു, അഡ്വ. കാര്‍ത്ത്യായനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.