ബി ജെ പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി

Posted on: November 7, 2014 9:58 am | Last updated: November 7, 2014 at 9:58 am

നാദാപുരം: പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ വളയം പോലീസ് സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി. ഇതിനിടയില്‍ ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് പി മധുപ്രസാദ് കുഴഞ്ഞു വീണു. പോലീസ് വാഹനത്തില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു.
ഉമ്മത്തൂരില്‍ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ സി പി എമ്മുകാരുടെ പരാതിയില്‍ തട്ടാന്റവിട രാഹുല്‍ (19), തറാപറത്ത് ഗോകുല്‍ (19) എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തിയത്.
വൈകീട്ട് ആറ് മണിയോടെയാണ് 25 ഓളം പ്രവര്‍ത്തകരെത്തി ധര്‍ണ തുടങ്ങിയത്. ഇതിനിടയിലാണ് പി മധുപ്രസാദ് കുഴഞ്ഞു വീണത്. അറസ്റ്റ് ചെയ്ത ബി ജെ പി പ്രവര്‍ത്തകരെ രാത്രി നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.