Connect with us

Kerala

ഗ്ലോബല്‍ അഗ്രോ മീറ്റിന് കൊച്ചിയില്‍ തുടക്കം

Published

|

Last Updated

കൊച്ചി: കേന്ദ്രാവിഷ്‌കൃത കാര്‍ഷിക പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് കുട്ടനാട് പാക്കേജിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അത്യുത്പാദനശേഷിയുള്ള വിളകള്‍ വികസിപ്പിക്കുന്നതിന് ശാസ്ത്ര സമൂഹം മുന്‍ഗണന നല്‍കണമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പും കെ എസ് ഐ ഡി സിയും സി ഐ ഐയും ചേര്‍ന്ന് ഒരുക്കുന്ന ഗ്ലോബല്‍ അഗ്രോ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മികച്ച മാനവവിഭവശേഷി കാര്‍ഷിക വികസനരംഗത്ത് പ്രയോജനപ്പെടുത്തണം. കാര്‍ഷിക മേഖലയില്‍ രാജ്യം സ്വയംപര്യാപ്തതയില്‍ എത്തിയാല്‍ മാത്രമേ രാജ്യത്തിന്റെ വികസനം അതിവേഗതയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. . ജനസംഖ്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനായി എല്ലാ കാലാവസ്ഥകള്‍ക്കും അനുയോജ്യമായ വിളകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇന്ന് സാങ്കേതികവിദ്യയില്ലാതെ കൃഷി സാധ്യമല്ല. ഗവേഷണ സ്ഥാപങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന അറിവ് പാടത്തെ കര്‍ഷകനും ലഭ്യമാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂല്യവര്‍ധിത കൃഷിയും ഭക്ഷ്യസംസ്‌കരണവും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സും പ്രദര്‍ശനവും ഉള്‍പ്പെടുന്ന സംഗമം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരാനാണ് സെഷന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവെക്കുന്നതിനോടൊപ്പം കാര്‍ഷിക രംഗത്തെ സാങ്കേതികവിദ്യകള്‍, പദ്ധതികള്‍ എന്നിവയെക്കുറിച്ചറിയാനുള്ള അവസരം കൂടിയാണിത്. കൃഷി, അഗ്രോ പ്രൊസസ്സിംഗ് തുടങ്ങിയ മേഖലകളില്‍ പുതുമയാര്‍ന്ന രീതികള്‍ സംസ്ഥാനം പിന്തുടരുകയാണെന്ന് നീരയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ഉപഭോഗം ചെയ്യുന്ന 20 ലക്ഷം കിലോ പഴം-പച്ചക്കറിയില്‍ കൂടുതലും വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ വെജിറ്റബിള്‍ ഡെവലപ്‌മെന്റ് സ്‌കീം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോഗത്തിന്റെ 50 ശതമാനം സംസ്ഥാനത്തിനുള്ളില്‍ നിന്നുതന്നെ ഉല്‍പ്പാദിപ്പിക്കാനാകും. ഈ മേഖലയില്‍ സംരംഭങ്ങളുമായി യുവ സംരംഭകര്‍ വരികയാണെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016 ഓടുകൂടി സംസ്ഥാനം ഓര്‍ഗാനിക കൃഷിയിലേക്ക് പൂര്‍ണമായും മാറുമെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷക്കായി ഹൈടെക് കൃഷിയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് നെതര്‍ലാന്റ്‌സ് അംബാസഡര്‍ അല്‍ഫോണ്‍സസ് സ്‌റ്റോലിങ്ക അറിയിച്ചു.
മന്ത്രിമാരായ കെ ബാബു, അനൂപ് ജേക്കബ്ബ്, ഐ സി സി ഒ എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് കുമാര്‍ മേനോന്‍, എം എല്‍ എമാരായ ജോസ് തെറ്റയില്‍, ടി യു കുരുവിള, അന്‍വര്‍ സാദത്ത് എന്നിവരും ബെംഗളൂരുവിലെ ജര്‍മന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ജനറല്‍ ജോന്‍ റോഹ്‌ഡേ, നന്‍ബെര്‍ഗ് മെസ്സെ ഇന്ത്യ എം ഡി സോണിത പ്രഷാര്‍, എന്‍ ഡി ഡി ബി ചെയര്‍മാന്‍ ടി നന്ദകുമാര്‍, ഫെഡറല്‍ ബേങ്ക് എം ഡിയും സി ഐഐ ചെയര്‍മാനുമായ ശ്യാം ശ്രീനിവാസന്‍, കോറിയ ഗോസാന്‍ കൗണ്ടി മേയര്‍ ലിം കാക് സൂ, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രത ബിശ്വാസ് ഐ എ എസ്, കൃഷി ഡയറക്ടര്‍ ആര്‍ അജിത് കുമാര്‍, ബി ജെ പി നേതാക്കളായ വി മുരളീധരന്‍, ് എം ടി രമേശ്, കൃഷി സെക്രട്ടറി ഡോ രാജന്‍ കോമ്പ്രഗേഡ് ഐ എ എസ് പ്രസംഗിച്ചു.
കേരളത്തെ ഹൈടെക് കൃഷിയുടെയും കാര്‍ഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നത്. ഒമ്പത് സെഷനുകളിലായി അമ്പതിലേറെ വിദഗ്ധര്‍ സംസാരിക്കും. കാര്‍ഷിക മേഖലയില്‍ നിന്ന് 1000 വ്യവസായികളും 100ലേറെ വിദേശപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി പതിനായിരത്തിലേറെ കര്‍ഷകര്‍ സംഗമത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ബയോഫാക് ഇന്ത്യ 2014നോടൊപ്പമാണ് ആഗോള കാര്‍ഷിക സംഗമവും അരങ്ങേറുന്നത്. ലോകമെങ്ങുമുള്ള ഓര്‍ഗാനിക് വ്യവസായ മേഖലക്ക് ഇന്ത്യന്‍ ഓര്‍ഗാനിക് വിപണിയില്‍ നിക്ഷേപത്തിന് അവസരമൊരുക്കുന്ന പരിപാടിയാണ് ബയോഫാക് ഇന്ത്യ 2014.
നെണ്‍ബെര്‍ഗ് മെസ്സെ ഇന്ത്യയും കൃഷി വകുപ്പും ഇന്റര്‍നാഷനല്‍ കോംപീറ്റന്‍സ് സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചറും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ജൈവ-കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട 150ലേറെ സ്റ്റാളുകളും നെതര്‍ലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സ്റ്റാളുകളും സവിശേഷതയാണ്. കേരളത്തെ പ്രതിനിധാനം ചെയ്ത് 50 സ്റ്റാളുകളുണ്ട്.

Latest