റേഷന്‍ വ്യാപാരികള്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

Posted on: November 7, 2014 12:22 am | Last updated: November 6, 2014 at 10:22 pm

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റീട്ടെയില്‍ റേഷന്‍ വ്യാപാരികളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കലക്ടറേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തി. ഭക്ഷ്യസുരക്ഷയും ജോലി സ്ഥിരതയും ഉറപ്പ് വരുത്തുക, റേഷന്‍ വ്യാപാരികളെയും സെയില്‍സ്മാനെയും മിനിമം വേതനത്തില്‍ ഉള്‍പ്പെടുത്തുക,. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആലോഹരി റേഷന്‍ വിതരണം ചെയ്യുക, എല്ലാ കാര്‍ഡുകള്‍ക്കും പഞ്ചസാര അനുവദിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിതരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പൊതുവിതരണ സംവിധാനത്തെയാകെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പ്രസ്താവിച്ചു. വിവിധ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളില്‍ നിന്ന് പോലും പിന്നാക്കം പോവുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ആശ്രയമായ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം തന്നെ തകിടം മറിക്കുന്നത് മൂലധന ശക്തികളുടെ താല്‍പര്യത്തിന് വസംവദമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എം ജോര്‍ജ് അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ ഡാനിയേല്‍ ജോര്‍ജ്, ആര്‍ ഗണേശന്‍, കുഞ്ഞബ്ദുള്ള, എന്‍ ഐ ഗംഗാധരന്‍, പൊക്കു, മായിന്‍, കെ വി സുരേന്ദ്രന്‍, നാസര്‍, നൗഷാദ്, പി ടി മാണി, നാസര്‍ പരിയാരം, ഇ കെ നാരായണന്‍, കെ വി സുരേന്ദ്രന്‍, സലാം, ശിവന്‍ പ്രസംഗിച്ചു.