ലൈംഗിക ആരോപണം: ആഫ്രിക്കന്‍ യൂനിയനിലെ 15 മുതിര്‍ന്ന സൈനികര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: November 7, 2014 5:12 am | Last updated: November 6, 2014 at 10:13 pm

കമ്പാല: ഉഗാണ്ടയിലെ ആഫ്രിക്കന്‍ യൂനിയന്‍ ദൗത്യ സേനയിലെ 15 മുതിര്‍ന്ന സൈനികരെ സസ്‌പെന്‍ഡ് ചെയ്തു. തദ്ദേശീയ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. ദൗത്യ സേനയിലെ സൈനികര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ടിരുന്നു. സംയുക്ത സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉഗാണ്ട പ്രതിരോധ വക്താവ് പറഞ്ഞു.
ലൈംഗിക പീഡനത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്. തദ്ദേശീയരോടുള്ള സൈനികരുടെ സമീപനം തന്നെ ശരിയല്ല. ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. അതുവരെ ആരോപിതര്‍ പുറത്തിരിക്കട്ടെയെന്നാണ് തീരുമാനം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ശക്തമായ ശിക്ഷ തന്നെ ലഭിക്കും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ശബാബ് തീവ്രവാദികളെ നേരിടാനായി ആറ് രാഷ്ട്രങ്ങളില്‍ നിന്നായി 22,000 സൈനികരടങ്ങുന്ന ദൗത്യ സേനയാണ് ഉഗാണ്ടയിലുള്ളത്. യു എന്നിന്റെയും ഇ യുവിന്റെയും സൈനികര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.