Connect with us

Articles

...അല്ലെങ്കില്‍ നിശ്ശബ്ദനാകുക

Published

|

Last Updated

കരളിന് അസുഖം കാരണം ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു. കുട്ടി സന്തോഷവതിയാണ്. പക്ഷേ, കണ്ണീര്‍ വാര്‍ക്കുന്നുണ്ട് ആ ഉമ്മ. ഉപ്പയുടെ മുഖത്തും പ്രയാസം പ്രകടമാണ്. സ്വല്‍പ്പം ആകലേക്ക് മാറിനിന്ന് വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവരുടെ ദുഃഖത്തിന്റെ കാരണം പിടി കിട്ടി. തൊട്ടു മുമ്പ് ഒരാള്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. അയാള്‍ വാചാലനാണ്. “ഈ രോഗം വന്ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായ നാല് പേര്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചു. ഈ രോഗം വന്നാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറച്ച് കുറവാണ്. എന്ന് കരുതി നമ്മള്‍ വിഷമിച്ചിട്ട് കാര്യമില്ലല്ലോ. എല്ലാം നമ്മള്‍ സഹിക്കക തന്നെ.”
വയറു വേദന ബാധിച്ച് മെഡിക്കല്‍ കോളജില്‍ കഴിയുന്ന രോഗിയെ രാവിലെ കണ്ടപ്പോള്‍ നല്ല ഉന്‍മേഷത്തിലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും ആളാകെ തളര്‍ന്ന് ക്ഷീണിച്ചിരിക്കുന്നു. ഇവിടെയും ഒരു സന്ദര്‍ശകനാണ് വില്ലന്‍. കൂട്ടുകാരിലൊരാള്‍ വന്ന് എക്‌സറേയും മറ്റു റിസള്‍ട്ടുകളും തിരിച്ചും മറിച്ചും നോക്കുന്നു. മരുന്ന് കുടിച്ചിട്ടുണ്ട് എന്നതിലപ്പുറം മെഡിക്കല്‍ രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത ആ സുഹൃത്തിന്റെ പ്രഖ്യാപനം: “ഈ സൂക്കേട് മറ്റതാകാനും സാധ്യതയുണ്ട്.” മറ്റെതെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം- ക്യാന്‍സര്‍. എന്നാല്‍, സംഗതി ഗ്യാസ്ട്രബിളാണെന്ന് വ്യക്തമാകുകയും രണ്ട് നാള്‍ കഴിഞ്ഞ് കക്ഷി ആശുപത്രി വിടുകയുമുണ്ടായി.
ഹൃദ്രോഗിയായ വൃദ്ധനെ താങ്ങിപ്പിടിച്ചാണ് രണ്ട് പേര്‍ ഡോക്ടറുടെ മുറിയിലേക്ക് കടത്തിയത്. പരിശോധിച്ച ഡോക്ടര്‍ ആശ്വസിപ്പിച്ചു: “സാരമില്ല, അത് ഗ്യാസിന്റെ പ്രശ്‌നമാണ്”. അതിശയം! ആ വയോധികന്‍ പരസഹായമില്ലാതെയാണ് മുറി വിട്ടിറങ്ങിയത്.
നമുക്കിടയില്‍ ചിലരുണ്ട്; സാഹചര്യവും സന്ദര്‍ഭവും മനസ്സിലാക്കാതെ സംസാരിക്കും. മറ്റുള്ളവരുടെ സങ്കടവും പ്രയാസവും ഒന്നും പരിഗണിക്കില്ല. താനൊരു മഹാ ജ്ഞാനിയാണെന്ന് വരുത്തുക. തന്റെ വിവരം(വിവരക്കേട്) മുഴുവന്‍ ആളുകളുടെ മുമ്പിലും വിളമ്പുക. അത്ര തന്നെ.
രോഗി സന്ദര്‍ശനം മഹത്തായ ഒരു പുണ്യകര്‍മമാണ്. സ്രഷ്ടാവിനോടും സൃഷ്ടിയോടുമുള്ള കടപ്പാടാണ് ഇവിടെ നിറവേറ്റുന്നത്. രോഗിയ സന്ദര്‍ശിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളില്‍ പ്രധാനമാണ് രോഗിക്കും ബന്ധുക്കള്‍ക്കും പ്രയാസമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കുക എന്നത്. രോഗിയുടെ കൈ പിടിച്ച് ശമനത്തിനായൊരു പ്രാര്‍ഥനയും ഒരു ആശ്വാസ വാക്കും പറഞ്ഞ് പുറത്തിറങ്ങുന്നതായിരിക്കും വലിയ ഗുണം. അവിടെ കൂട്ടം കൂടിയിരുന്ന് “വിത്തും വേരും” ചോദിച്ച് ബോറടിപ്പിക്കാതിരിക്കണം. പറഞ്ഞു പേടിപ്പിക്കരുത്.
മരണ വീട്ടില്‍ ചിലരുടെ കോപ്രായങ്ങള്‍ പരിധി വിടും. തനിക്ക് പരേതനോട് വലിയ ആദരവുണ്ടെന്നും അയാളുടെ വിയോഗത്തില്‍ വലിയ വേദന അനുഭവിക്കുന്നുണ്ടെന്നും വരുത്തലാണ് ലക്ഷ്യം. ഒരാത്മാര്‍ഥതയുമില്ലാതെ ചിലര്‍ നാടകം കളിക്കും. അടുത്ത ബന്ധുക്കളെ എല്ലാവരും ചേര്‍ന്ന് ഒരു വിധം സമാധാനിപ്പിച്ചിട്ടേ ഉണ്ടാകൂ. അപ്പോഴായിരിക്കും ആളുടെ കയറിവരല്‍. “എന്നാലും ആ പൈതങ്ങളുടെ മുഖത്തെങ്ങനെ നോക്കും. സഹിക്കാനേ ആകുന്നില്ല”. അതോടെ ആ വീട്ടില്‍ കൂട്ട നിലവിളി ഉയരുകയായി. അതേ അയാള്‍ ഉദ്ദേശിച്ചിട്ടുമുണ്ടാകൂ! അതോടെ മരിച്ചയാള്‍ അയാള്‍ക്ക് വേണ്ടപ്പെട്ടയാളായല്ലോ.
ചിലരുണ്ട്; കുട്ടികളെ വട്ടം ചുറ്റിക്കലും കരയിപ്പിക്കലുമാണ് അവരുടെ ഹോബി. തീന്‍മേശക്ക് മുമ്പില്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ വിളമ്പുന്നവരുണ്ട്. ചത്ത് പുഴുവരിച്ച പട്ടിയുടെ കഥ പറയാന്‍ അവര്‍ക്കിഷ്ടം ഇറച്ചി കടിച്ചുവലിക്കുമ്പോഴാണ്. ജോലി ചെയ്യുന്ന നാടിനെ കുറിച്ചും ജോലി ചെയ്യാന്‍ വരുന്നയാളെ കുറിച്ചും ഭീതിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ പറയുന്നവരുണ്ട്.
മുത്ത് നബിയുടെ ഒരു നിര്‍ദേശമുണ്ട്. “നീ നല്ലത് പറയുക. അല്ലെങ്കില്‍ നിശ്ശബ്ദനാകുക” അവിടുത്തെ അരികില്‍ വന്ന് ഒരു സഹാബി ചോദിച്ചു: “ഏറ്റവും ശ്രേഷ്ഠമായ അമല്‍ ഏതാണ്? “വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷമുണ്ടാക്കുക” – തിരുനബി പറഞ്ഞു.
ചെറുതും വലുതുമായ നിങ്ങളുടെ ഒരു വാക്ക് പോലും രേഖപ്പെടുത്താതിരിക്കില്ലെന്നാണ് വിശുദ്ധ ഖുര്‍ആന്റെ മുന്നറിയിപ്പ്. “വിശ്വാസികളേ, നിങ്ങള്‍ നല്ല വാക്ക് പറയുക” എന്നും ഖുര്‍ആന്‍ പറയുന്നു.