കള്ളപ്പണം: എച്ച് എസ് ബി സി അക്കൗണ്ടുകളില്‍ പകുതിയും ശൂന്യം

Posted on: November 6, 2014 11:37 pm | Last updated: November 6, 2014 at 11:37 pm

blackmoneyന്യൂഡല്‍ഹി: ബ്രിട്ടീഷ് ബഹുരാഷ്ട്ര ബേങ്കിംഗ് സ്ഥാപനമായ എച്ച് എസ് ബി സി ബേങ്കിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ പകുതിയിലും ചില്ലിക്കാശു പോലുമില്ലെന്ന് കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). 289ലധികം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ശൂന്യമായിട്ടുള്ളത്. നൂറിലധികം പേരുകള്‍ ആവര്‍ത്തനവുമാണ്. കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ അസാധ്യമാക്കുന്ന തരത്തിലാണ് അക്കൗണ്ടുകള്‍. അതേസമയം, എച്ച് എസ് ബി സി കൈമാറിയ 628 അക്കൗണ്ട് വിവരങ്ങളില്‍ 300 പേര്‍ക്കെതിരെ ആദായ നികുതി വകുപ്പ് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇവരുടെ പട്ടിക ഈയിടെ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.
എച്ച് എസ് ബി സി പട്ടികയിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസ്സം ഈ അക്കൗണ്ടുകളിലെ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ്. അക്കൗണ്ടുകള്‍ എന്നാണ് തുടങ്ങിയതെന്നോ അവയിലെ ഇടപാടുകളുടെ ചരിത്രമോ ലഭ്യമല്ല- എസ് ഐ ടി വൃത്തങ്ങള്‍ അറിയിച്ചു. വിരമിച്ച ജസ്റ്റിസുമാരായ എം ബി ഷായും അരിജിത് പസായത്തുമാണ് എസ് ഐ ടിക്ക് നേതൃത്വം നല്‍കന്നത്.