Connect with us

Gulf

മലയാളി യുവതിക്കെതിരായ കേസ് ദുബൈ കോടതി തള്ളി

Published

|

Last Updated

ദുബൈ: ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികളുടെ ചികിത്സക്കും പരിശീലനത്തിനുമായി ദുബൈ ഹെല്‍ത് കെയര്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷന്‍ സെന്ററില്‍ സ്പീച്ച് തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി ഏണ്‍സി ജോണ്‍സണ് എതിരെയുള്ള പരാതി കോടതി തള്ളി.
രണ്ടു വര്‍ഷക്കാലമായി ഈജിപ്ഷ്യന്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള റിഹാബിലിറ്റേഷന്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന ഏണ്‍സി, രാജിക്കത്ത് സമര്‍പ്പിക്കുകയും തുടര്‍ന്ന് നോട്ടീസ് കാലയളവായ 30 ദിവസം കൂടി ജോലി ചെയ്യുകയും ചെയ്തു. സ്ഥാപന ഉടമ രാജി സ്വീകരിക്കുകയും ആനുകൂല്യങ്ങളും ശമ്പളവും നല്‍കുകയും വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള രേഖകളില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. എന്നാല്‍ ഏണ്‍സിക്ക് മറ്റൊരു സ്ഥാപനത്തില്‍ അതേ ജോലി ലഭിച്ചുവെന്ന വിവരം മനസ്സിലാക്കിയ ഡോക്ടര്‍ വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് വിസമ്മതിക്കുകയും ഒപ്പംതന്നെ ഏണ്‍സിയെ ഒരു വര്‍ഷക്കാലത്തേക്ക് സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദുബൈ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കോടതിയുടെ സമന്‍സ് ലഭിച്ചയുടന്‍ ഏണ്‍സി, ദുബൈ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശം തേടുകയും, കേസ് നടത്താനുള്ള വക്കാലത്ത് നല്‍കുകയുമായിരുന്നു. ഈ കേസില്‍ ആശുപത്രിയുടമ ഏണ്‍സിയില്‍ നിന്നു ഒപ്പിട്ടുവാങ്ങിയ ഒരു നോണ്‍ കോമ്പിറ്റേഷന്‍ എഗ്രിമെന്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും നിയമപരമായ കാരണങ്ങളാല്‍ ആ എഗ്രിമെന്റ് നിലനില്‍ക്കുന്നതില്ലെന്ന അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിന്റെ വാദം കോടതി ആംഗീകരിച്ചു കൊണ്ടാണ് കേസ് തള്ളി യുവതിക്കനുകൂലമായ വിധി പ്രഖ്യാപിച്ചത്.