പഠനത്തിനൊപ്പം തൊഴില്‍ പരിശീലനം: അസാപ് പദ്ധതിക്ക് സ്വീകാര്യതയേറുന്നു

Posted on: November 6, 2014 11:20 am | Last updated: November 6, 2014 at 11:20 am

കല്‍പ്പറ്റ: പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യ പരിശീലനവും നല്‍കുന്ന അസാപ് പദ്ധതിക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ സ്വീകാര്യതയേറുന്നു.
2012-ല്‍ മൂന്ന് സ്‌കൂളുകളില്‍ ആരംഭിച്ച അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ജില്ലയിലെ 34 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ആധുനിക തൊഴില്‍, വ്യവസായ സംസ്‌കാരത്തിനുതകുന്ന 13 വൈവിധ്യങ്ങളായ കോഴ്‌സുകളിലേതെങ്കിലും ഒന്ന് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ദേശീയ നിലവാരത്തിലുള്ള ക്ലാസ്സുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ അറിയിച്ചു. പ്ലസ് ടു കോഴ്‌സിനൊപ്പം ‘അസാപ്’ സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ഇതിനകം ജോലി ലഭിച്ചു.
ബി.എസ്.എന്‍.എല്‍. നല്‍കുന്ന പിസി ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങ്, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഐ.സി.എ.ഐ.യുടെ സര്‍ട്ടിഫൈഡ് അക്കൗണ്ടിങ് ടെക്‌നീഷ്യന്‍, പ്ലമ്പിങ് അപ്രന്റീസ് പ്രോഗ്രാം, എന്‍.എസ്.ഇ.യുടെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് ഡീലര്‍ മൊഡ്യൂള്‍, ബാങ്കിംഗ്&ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് തുടങ്ങിയ ആധുനിക കോഴ്‌സുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. 40 ശതമാനം തിയറിയും 60 ശതമാനം പ്രാക്ടിക്കലുമുറപ്പാക്കിയാണ് കോഴ്‌സുകള്‍ സംവിധാനം ചെയ്തിട്ടുള്ളത്. കൂടാതെ ഇംഗ്ലീഷും ഐടി-യുമുള്‍പ്പെടുത്തിയുള്ള 180 മണിക്കൂര്‍ ഫൗണ്ടേഷന്‍ കോഴ്‌സും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം.
തൊഴില്‍ വൈദഗ്ധ്യ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലയില്‍ നാല് സ്‌കില്‍ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ബോര്‍ഡ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയടക്കം ആധുനിക രീതിയില്‍ ഭംഗിയായി ഫര്‍ണിഷ് ചെയ്ത സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ് സ്‌കില്‍ സെന്ററുകള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
മാനന്തവാടി ഗവ. കോളജ്, സുല്‍ത്താന്‍ .ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കല്‍പ്പറ്റ മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌കില്‍ സെന്ററുകള്‍. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലുമാണ് വൈദഗ്ധ്യ പരിശീലനം നല്‍കുക.പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ബത്തയും ലഘുഭക്ഷണവും നല്‍കും.ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ അതത് വിദ്യാലയങ്ങളില്‍തന്നെ ചെയ്യാനാകും.
കോഴ്‌സുകള്‍ക്ക് നിശ്ചിത ഫീസ് ഉണ്ടെങ്കിലും പട്ടികജാതി-പട്ടികവര്‍ഗ്ഗം, ബി.പി.എല്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് നൂറ് ശതമാനം ഇളവ് ലഭിക്കും. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഏറെയുള്ള ജില്ലയില്‍ ഈ വിഭാഗത്തിലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ടെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 508 വിദ്യാര്‍ത്ഥികളാണ് നിലവില്‍ അസാപ് പദ്ധതിയിലുള്ളത്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. അപേക്ഷ നല്‍കിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി നടത്തുന്ന ഓറിയന്റേഷന്‍ ക്ലാസ്സിനും ഇന്റര്‍വ്യൂവിനും ശേഷമാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് മുന്നോടിയായി നാല് കേന്ദ്രങ്ങളിലും സ്‌കില്‍ ഓറിയന്റേഷന്‍ ക്ലാസ്സും നല്‍കും. നവംബര്‍ എട്ടിന് മാനന്തവാടി, 9 ന് ബത്തേരി, 15 ന് മീനങ്ങാടി, 16 ന് കല്‍പ്പറ്റ സെന്ററുകളില്‍ സ്‌കില്‍ ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ നടക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.