ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

Posted on: November 6, 2014 10:47 am | Last updated: November 6, 2014 at 10:47 am

പാലക്കാട്: ജില്ലയില്‍ ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ വേണുഗോപാല്‍ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്റെ 14 ബ്ലോക്കുകളില്‍ വിദ്യാലയങ്ങള്‍, പണിസ്ഥലങ്ങള്‍, തെരഞ്ഞെടുത്ത വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതുസംബന്ധിച്ച കര്‍മപദ്ധതികള്‍ വകുപ്പുകള്‍ക്ക് നല്‍കും.
അര്‍ബുദം, മദ്യപാനാസക്തി, രക്തസമ്മര്‍ദം, പ്രമേഹം എന്നീ രോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ അവ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഭക്ഷണരീതി, പാരമ്പര്യം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ അവബോധം നല്‍കും. മദ്യപാനം സമൂഹത്തിനുതന്നെ വിപത്തായി മാറുന്ന സാഹചര്യത്തിലാണ് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് മധുവിമുക്തി പദ്ധതി നടപ്പാക്കുന്നത്.
ഓരോ ബ്ലോക്കിലേയും അഞ്ചുസ്‌കൂളുകള്‍ തെരഞ്ഞെടുത്ത് ജില്ലയില്‍ 70 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പുകയില-മദ്യ വിമുക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കും. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 10 സ്‌കൂളുകളില്‍ യോഗ പരിശീലനവും നല്‍കും.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള തൊഴില്‍ശാലകളിലും വ്യാവസായിക മേഖലകളിലും മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ അത്തരം പ്രദേശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും.
നെല്ലിയാമ്പതി, ഷോളയാര്‍ പോലുള്ള പ്ലാന്റേഷന്‍ മേഖലയും പ്രവര്‍ത്തനപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണവും വിപുലമാക്കും.
ബ്ലോക്കില്‍ രണ്ടു വാര്‍ഡുകള്‍ വീതം 28 വാര്‍ഡുകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പുകയിലവിമുക്തമാക്കും. കൂടാതെ 12 ബ്ലോക്കുകളില്‍ ബോധവല്‍ക്കരണവും രോഗനിര്‍ണയവും നടത്തുമെന്നും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ പി സി അശോക്കുമാര്‍, നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി ഡി എം ഒ ഡോ.പാര്‍വതി, വകുപ്പുതല ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.