Connect with us

Malappuram

മതപ്രചാരണത്തില്‍ പണ്ഡിതരുടെ സ്ഥാനം നിസ്തുലം: കാന്തപുരം

Published

|

Last Updated

വണ്ടുര്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപ്രചാരണത്തിന് നേതൃത്വം നല്‍കിയത് മതപണ്ഡിതന്മാരാണെന്നും അവരുടെ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ മതങ്ങളിലേക്ക് ആകര്‍ഷിച്ചതെന്നും അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
എടപ്പുലം മാനുമുസ്‌ലിയാര്‍ മെമ്മോറിയല്‍ അല്‍അന്‍വാര്‍ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടക യാത്ര നടത്തിയ ദിവസങ്ങളില്‍ ഓരോ പ്രദേശങ്ങളിലെത്തിയപ്പോഴും മഹാന്മാരായ നിരവധിപേരുടെ മഖ്ബറകള്‍ കാണാന്‍ സാധിച്ചു. അവിടങ്ങളിലെല്ലാം മതപ്രചരാണരംഗത്ത് സജീവമായിരുന്ന അവരെ പ്രാദേശിക ജനത വലിയ ബഹുമാനത്തോടെയാണ് അന്നും ഇന്നും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കലുഷിതമായി കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് മനുഷ്യര്‍ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. എറണാംകുളം സംഭവം മനുഷ്യ ജീവിക്ക് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. സി എം കുട്ടി ഉസ്താദ് പാലക്കോട് അധ്യക്ഷതവഹിച്ചു. മഗ്‌രിബ് നിസ്‌കാര ശേഷം നടന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്കും സയ്യിദ് ഫള്ല്‍ ജിഫ്‌രി കുണ്ടൂര്‍ സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വി എന്‍ ബാപ്പുട്ടി ദാരിമി എടക്കര, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍വഹാബ് സഖാഫി മമ്പാട്, സൈനുദ്ദീന്‍ ഫൈസി പാലക്കോട്, ഉമറലി സഖാഫി എടപ്പുലം, ബശീര്‍ സഖാഫി പൂങ്ങോട്, എ പി ബശീര്‍ ചെല്ലക്കൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശന കര്‍മം പാലക്കോട് എം ടി അഹമ്മദ്കുട്ടി ഹാജിക്ക് നല്‍കി ചോലയില്‍ എം എം കെ തങ്ങള്‍ നിര്‍വഹിച്ചു. പള്ളി നിര്‍മാണക്കരാര്‍ ഏറ്റെടുത്ത സിവില്‍ എന്‍ജിനീയര്‍ അഫ്‌സലിനുള്ള പ്രത്യേക ഉപഹാര സമര്‍പ്പണവും ജിദ്ദ കമ്മിറ്റിയുടെ റിലീഫ് വിതരണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയത്.