Connect with us

Malappuram

ആദിവാസി ഭൂമി കൈയേറ്റം: സര്‍വേ തുടങ്ങി

Published

|

Last Updated

എടവണ്ണ: കിഴക്കേ ചാത്തല്ലൂരില്‍ ആദിവാസി ഭൂമി കൈയേറിയെന്ന പരാതിയില്‍ റവന്യൂ- വനം വകുപ്പുകള്‍ സംയുക്ത സംഘം സര്‍വേ ആരംഭിച്ചു. ആദിവാസി ഭൂമി കൈയേറി ക്വാറി ആരംഭിക്കുകയാണെന്ന് കാണിച്ച് ആദിവാസികള്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചോലാറ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയതാണ് ഭൂമി. എന്നാല്‍ ഭൂരിഭാഗവും യഥാര്‍ത്ഥ അവകാശികളുടെ കൈവശമല്ല. തന്റെ ഭൂമി കൈയേറി ക്വാറി ആരംഭിക്കാനുള്ള നീക്കം നടത്തുന്നെന്ന് കാണിച്ച് ആദിവാസിയായ നൊട്ടി ജില്ലാകലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വനം റവന്യൂ സംയുക്ത സര്‍വേ നടത്തുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഭൂമി ഏതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സര്‍വേ. ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. മഞ്ചേരി അഡീഷനല്‍ തഹസില്‍ദാര്‍ രാമചന്ദ്രന്‍, പെരകമണ്ണ വില്ലേജ് ഓഫീസര്‍, താലൂക്ക് സര്‍വേയര്‍മാര്‍ എന്നിവരുടെ സംഘം ബുധനാഴ്ച ഉച്ചയോടെ പരിശോധന ആരംഭിച്ചു.
ഏടവണ്ണ വില്ലേജിന്റെ അതിര്‍ത്തിയില്‍ നിന്നാണ് പരിശോധന തുടങ്ങിയത്. ഏഴാം തീയതിയോടു കൂടി സര്‍വേ പൂര്‍ത്തീകരിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സര്‍വേ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ കൈയേറ്റം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിന് ഭൂമി വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിരുന്നു.
ഇതില്‍ പതിച്ചു നല്‍കി ബാക്കി വരുന്ന 723 ഹെക്ടര്‍ ഭൂമി ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ലെന്ന് വനം വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട കൈയേറ്റം നടന്ന ഭൂമിയിലാണ് മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നതെന്നും വനം വകുപ്പ് ആശങ്ക അറിയിച്ചിട്ടുണ്ട്.