കോടികളുടെ കേന്ദ്രസഹായം; ചേരി പരിഷ്‌കരണ പദ്ധതിയില്‍ മലപ്പുറം, തിരൂര്‍ നഗരസഭകള്‍

Posted on: November 6, 2014 9:50 am | Last updated: November 6, 2014 at 9:50 am

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ നഗരസഭകളില്‍ നടപ്പാക്കുന്ന ചേരി പരിഷ്‌കരണ പദ്ധതിയുടെ സര്‍വേയായ അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അസ്‌മെന്റി(ഉഷ) പദ്ധതിയില്‍ മലപ്പുറം,തിരൂര്‍ നഗരസഭകളും.
ദേശീയ തലത്തില്‍ നഗര ചേരികളുടേയും, നഗര ദരിദ്രരുടേയും വിവരണ ശേഖരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചേരി വികസനത്തിനായി കേന്ദ്രത്തില്‍നിന്ന് കോടികള്‍ നഗരസഭകള്‍ക്ക് ലഭിക്കും. നഗരങ്ങളുടെ വികസനത്തിനുള്ള പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ തുടങ്ങിയവക്ക് സഹായകരമാകുന്ന രീതിയില്‍ സമഗ്ര വിവരശേഖരണമാണ് ഉഷയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി നഗരസഭ, ശില്‍പശാലകളും യോഗങ്ങളും നടത്തും.
സര്‍വേയര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ചേരികളായി പരിഗണിക്കാവുന്ന പ്രദേശങ്ങളുടെ ലിസ്റ്റ് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തില്‍ കുടുംബശ്രീ സഹായത്തോടെയാണ് ചേരികളെ തിരഞ്ഞെടുക്കുന്നത്. ചേരികള്‍ തിരഞ്ഞെടുക്കുന്നതിന് 11 ഇനം മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ചേരികള്‍ നിശ്ചയിച്ച ശേഷം കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് നഗരസഭ കേന്ദ്രസര്‍ക്കാറിന് നല്‍കും. സര്‍വേ നടത്തുന്നതിനായി ചേരികളുടെ പട്ടിക, ഭൂപടം എന്നിവ തയ്യാറാക്കും.
വിവരങ്ങള്‍ വസ്തുനിഷ്ഠമാണെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും. വിവരങ്ങള്‍ കുടുംബശ്രീയുടെ ഐ ടി. യൂണിറ്റുകളുടെ സഹായത്തോടെ പ്രത്യേകം രൂപകല്‍പന ചെയ്ത വൈബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. സംസ്ഥാനത്ത് 37 നഗരസഭകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലപ്പുറത്ത് സര്‍വേ നടപടികള്‍ ഒരാഴ്ച്ചക്കകം തീര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വൈസ് ചെയ്ര്‍പേഴ്‌സന്‍ കെ എം ഗിരിജ അധ്യക്ഷത വഹിച്ചു.