കൗണ്‍സിലില്‍ ‘ക്വട്ടേഷന്‍’ ബഹളം

Posted on: November 6, 2014 9:38 am | Last updated: November 6, 2014 at 9:38 am

കോഴിക്കോട്: നഗരത്തില്‍ പട്ടാപ്പകല്‍ അരങ്ങേറിയ ഗുണ്ടാ ക്വട്ടേഷന്‍ അക്രമത്തെക്കുറിച്ചുളള ശ്രദ്ധക്ഷണിക്കലില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം. കെ എസ് യു ഡി പി പദ്ധതി നടത്തിപ്പിലെ രാഷ്ട്രീയവിവേചനം, കെ ടി ഡി സി ഹോട്ടല്‍ കെട്ടിട നവീകരണം എന്നീ വിഷയങ്ങളും കൗണ്‍സിലില്‍ വാക്കേറ്റത്തിനിടയാക്കി. 

കോഴിക്കോടിന്റെ വികസന സാധ്യതകള്‍ക്ക് തുരങ്കംവെക്കുന്ന നഗരത്തിലെ ഗുണ്ടാമാഫിയ ക്വട്ടേഷന്‍ സംഘങ്ങളെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അപലപിക്കണമെന്ന കൗ ണ്‍സിലര്‍ മുസാഫര്‍ അഹമ്മദിന്റെ ശ്രദ്ധക്ഷണിക്കലാണ് രൂക്ഷമായ ബഹളത്തിലെത്തിയത്. നഗരത്തിലെ ക്വട്ടേഷന്‍ സദാചാര പൊലീസ് അക്രമങ്ങള്‍ക്കെതിരെയും ശ്രദ്ധക്ഷണിക്കലില്‍ നടപടി ആവശ്യപ്പെട്ടു.
ക്വട്ടേഷന്‍ വിഷയത്തിലുളള ശ്രദ്ധക്കണിക്കലില്‍ മുന്‍ മേയര്‍ എം ഭാസ്‌ക്കരന്റെ മകന്‍ വരുണ്‍ ഭാസ്‌ക്കറിന്റെ പേരും ചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ മാഫിയ വിഷയത്തില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. പ്രതിപക്ഷത്ത് നിന്ന് ബാലഗോപാല്‍, കെ മുഹമ്മദലി, സി പി സലീം എന്നിവരാണ് എഴുന്നേറ്റത്. ഇതോടെ ഭരണപക്ഷത്തെ സുധീര്‍, കെ സിനി, ഭരദ്വാജ് എന്നിവരും എഴുന്നേറ്റതോടെ ഇരുപക്ഷവും ഏറ്റുമുട്ടലിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡി സി സി പ്രസിഡന്റ് കെ സി അബുവുമാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി മുട്ടിയിരുമ്മി ഇരുന്നതെന്നും കോണ്‍ഗ്രസിന്റെ ബന്ധം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണെന്നും കൗണ്‍സിലര്‍ സുധീര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തിനെതിരെ തിരിഞ്ഞു. താന്‍ രാഷ്ട്രീയം കലര്‍ത്താതെയാണ് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസ് ബന്ധം മനഃപൂര്‍വം വിട്ടുകളഞ്ഞതാണെന്നും മാധ്യമങ്ങളിലൂടെ കസബ സി ഐയെ മാറ്റിയതടക്കമുളള വിഷയങ്ങള്‍ വന്നതാണെന്നും മുസാഫര്‍ അഹമ്മദ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണറെ പോലും തോല്‍പ്പിക്കുന്ന ശക്തിയായി ക്വട്ടേഷന്‍ വിഷയത്തില്‍ ചിലരുണ്ടെന്നും മേയര്‍ പ്രൊഫ. എ കെ പ്രേമജം പറഞ്ഞു.
മാനാഞ്ചിറയിലെ കിഡ്‌സ ണ്‍ ടൂറിസ്റ്റ് ഹോമില്‍ 28 മുറികളോളം വാടകക്ക് കൊടുക്കാനാകാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും നവീകരണത്തിനായി യാതൊരു ശ്രമവും നഗരസഭ നടത്തുന്നില്ലെന്നും പി കിഷന്‍ചന്ദ് ശ്രദ്ധക്ഷണിക്കലില്‍ ഉന്നയിച്ചു. 2014 മാര്‍ച്ച് 31നാണ് ഒടുവിലായി അപേക്ഷ ലഭിച്ചതെന്നും വിഷയം അടുത്ത കൗണ്‍സിലില്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥവിഭാഗം അറിയിച്ചു. തുടര്‍ന്ന് വിഷയം ഇരുപക്ഷവും ഏറ്റെടുത്തതോടെ സഭയില്‍ വീണ്ടും ബഹളമായി.
തൈക്കൂട്ടപറമ്പ് ചേരിയില്‍ കെ എസ് യു ഡി പി ഫണ്ട് വകയിരുത്തി ഡ്രെയിനേജിന് കവറിംഗ് സ്ലാബ് ഇട്ട് നടപ്പാതയാക്കുന്നത് സംബന്ധിച്ച പ്രവൃത്തിയില്‍ മേയര്‍ രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്ന് സി പി സലീം കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. എന്നാല്‍ അപേക്ഷ 2014 ജൂണ്‍ നാലിനാണ് ലഭിച്ചതെന്നും സി എല്‍ ഇ സി എസ്റ്റിമേറ്റ് ഉണ്ടാക്കി കെ എസ് യു ഡി പി ഫണ്ടിന്റെ മുന്‍ഗണനാക്രമം അനുസരിച്ച് പ്രവൃത്തി ഏറ്റെടുക്കുമെന്നും പ്രൊജക്ട് ഓഫിസര്‍ അശോകന്‍ അറിയിച്ചു.
ചാലപ്പുറം വാര്‍ഡില്‍ റോഡ് മൃഗങ്ങള്‍ക്ക് പോലും ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയാണെന്നും കെ എസ് യു ഡി പി പ്രവൃത്തികള്‍ വാര്‍ഡില്‍ വേണ്ട എന്ന് പറയേണ്ട സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് എം ടി പത്മ പറഞ്ഞു. ഈ വിഷയവും ഇരുപക്ഷവും തമ്മിലുളള വാക്ക് തര്‍ക്കത്തിനിടയാക്കി.
നായനാര്‍ ബ്രിഡ്ജിനടിയിലെ വാഹനപാര്‍ക്കിംഗിന് ഫീസ് പിരിക്കാന്‍ എട്ട് പേരെ ഡ്യൂട്ടക്ക് നിയോഗിക്കേണ്ട ആവശ്യമില്ലെന്നും സംഭവം നഷ്ടത്തിലായാല്‍ പാര്‍ക്കിംഗ് ഫീസ് വേണ്ടെന്ന് വെക്കണമെന്നും അത് സംബന്ധിച്ച അജന്‍ഡയിന്‍മേല്‍ ബീരാന്‍കോയ അഭിപ്രായപ്പെട്ടു. പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള കരാര്‍ പുനര്‍ലേലം നടത്തണമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. വിഷയം ധനകാര്യ കമ്മിറ്റിയുടെ മുമ്പാകെ സമര്‍പ്പിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് മേയര്‍ വ്യക്തമാക്കി.
മേയര്‍ക്ക് നേരെ ഗ്ലാസെറിഞ്ഞുവെന്ന് തനിക്കെതിരെ ആരോപണം ഉയരുന്നുണ്ടെന്നും താനാണോ ഗ്ലാസെറിഞ്ഞതെന്ന് മേയര്‍ വ്യക്തമാക്കണമെന്നും സി എസ് സത്യഭാമ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ഓഫിസിലും സോണല്‍ ഓഫീസുകളിലും പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നത് സംബന്ധിച്ച അജന്‍ഡയും സഭയില്‍ ചര്‍ച്ചക്ക് വഴിവെച്ചു. നഗരസഭയില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് കോര്‍പറേഷന്‍ എ ഇ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തുരങ്കം വെക്കുകയാണെന്ന് ടി സുജന്‍ ആരോപിച്ചു.