Connect with us

Gulf

'പ്രവാസാനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കും'

Published

|

Last Updated

ദുബൈ: പ്രവാസികളുടെ സൃഷ്ടികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഗ്രീന്‍ബുക്‌സ് എം ഡി കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യകലാതല്‍പരരായ വിദേശമലയാളികള്‍ രൂപം കൊടുത്ത കമ്പനിയാണ് ഗ്രീന്‍ ബുക്‌സ്. അത് കൊണ്ടുതന്നെ വിദേശ മലയാളികളുടെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടത് ഉത്തരവാദിത്തമായിരുന്നു. 2001ല്‍ സ്ഥാപിതമായെങ്കിലും 2004ലാണ് സജീവമാകുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ഗ്രീന്‍ ബുക്‌സ് കേരളത്തിലെ പ്രസാധകരുടെ മുന്‍നിരയിലെത്തിയിട്ടുണ്ട്. ഗ്രീന്‍ ബുക്‌സിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കെ വി വാസുദേവന്‍ ഗള്‍ഫ് മലയാളിയാണ്. സാമൂഹിക, സാംസ്‌കാരിക മേഖലകളിലും യു എ ഇയിലെ വ്യവസായ രംഗത്തും സജീവമാണ് അദ്ദേഹം. ഗള്‍ഫ് ജീവിതം പശ്ചാത്തലമാക്കി ദുബായ്പ്പുഴ, കടലിരമ്പങ്ങള്‍, മരുഭൂമിയുടെ ജാലകങ്ങള്‍ തുടങ്ങിയ കൃതികള്‍ താന്‍ രചിച്ചു.
തൃശൂര്‍ ആസ്ഥാനമാക്കിയുള്ള കോര്‍പ്പറേറ്റ് ആപ്പീസും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിതരണ ശൃംഖലകളുമുണ്ട്. ഡിജിറ്റല്‍ വരവിന്റെ മുന്നോടിയായി ഓഫ്‌സെറ്റ് പ്രിന്റിംഗ് ഏതാണ്ട് ഒഴിവാക്കി പ്രിന്റ് ഓണ്‍ ഡിമാന്റ് പുസ്തകങ്ങളാണ് ഗ്രീന്‍ ബുക്‌സ് ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാന പ്രസാധകരും ഈ പാത സ്വീകരിച്ചു . പ്രിന്റ് ഓണ്‍ ഡിമാന്റ് സമ്പ്രദായം ആദ്യമായും വിജയകരമായും കേരളത്തില്‍ നടപ്പാക്കിയതും ഗ്രീന്‍ ബുക്‌സാണ്. ഗ്രീന്‍ ബുക്‌സിന്റെ പുസ്തകങ്ങള്‍ വര്‍സ, റോക് സ്റ്റാന്റ് എന്നീ കമ്പനികളുമായുള്ള കരാറുകളിലൂടെ ആന്‍ഡ്രോയ്ഡ് വായനയില്‍ ഇന്ന് ലോകമെങ്ങും സുസാദ്ധ്യമാണ്.
പ്രവാസ പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. മരണപുസ്തകം (ഒ എം അബൂബക്കര്‍) നോവല്‍, കടല്‍ കടന്നവര്‍ (മനു റഹ്മാന്‍) ഓര്‍മ, ആടുജീവിതം (ബെന്യാമിന്‍) നോവല്‍, ദുബായ്പ്പുഴ പതിനേഴാം പതിപ്പ് (കൃഷ്ണദാസ്) ഓര്‍മ്മ, കടലിരമ്പങ്ങള്‍ മൂന്നാം പതിപ്പ് (കൃഷ്ണദാസ്) നോവല്‍, ഈയലുകള്‍ (ഷാഹുല്‍ വളപട്ടണം) നോവല്‍, സലാല സലാല (വിജയന്‍ പുരവൂര്‍) നോവല്‍, ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍ (റഷീദ് പാറയ്ക്കല്‍) നോവല്‍, അറേബ്യയിലെ അടിമ (നിസാമുദ്ദീന്‍ റാവുത്തര്‍) നോവല്‍, പലായനം (കെ എം അബ്ബാസ്) നോവല്‍, അറേബ്യന്‍ ജീവിതത്തിന്റെ 100 കഥകള്‍ (ഹംസ ന്യൂമാഹി) കഥ, വീടു മാറുന്നവര്‍ (എഡി: ഡോ. വി. ശോഭ) പ്രവാസ പഠനം എന്നിവയാണ് പുസ്തകങ്ങള്‍.
ഗ്രീന്‍ ബുക്‌സ് മേളയില്‍ അവതരിപ്പിക്കുന്ന ഏറ്റവും സുപ്രധാനമായ പുസ്തകം രതീദേവിയുടെ മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം എന്ന കൃതിയാണ്. നവം. ഒമ്പതിന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമും പ്രശസ്ത സാഹിത്യകാരനായ സേതുവും ഒത്തുചേര്‍ന്നാണ് രതീദേവിയുടെ സാന്നിദ്ധ്യത്തില്‍ ഈ പുസ്തകം പ്രകാശനം ചെയ്യും. വീടു മാറുന്നവര്‍ എന്ന പുസ്തകം പത്മശ്രീ. എം എ യൂസഫലി പ്രകാശനം ചെയ്യും. ഗ്രീന്‍ ബുക്‌സിന്റെ സീനിയര്‍ സബ് എഡിറ്റര്‍ കൂടിയായ ഡോ. വി ശോഭയാണ് ഈ ഗ്രന്ഥം എഡിറ്റു ചെയ്തിട്ടുള്ളത്- കൃഷ്ണ ദാസ് അറിയിച്ചു.
കെ വി വാസുദേവന്‍, കെ ബി മുരളി, രതീദേവി, അയ്യപ്പന്‍ പങ്കെടുത്തു.

 

Latest