വയനാടന്‍ നെല്‍വിത്തിനങ്ങളുടെ പെരുമ കാക്കാന്‍ പദ്ധതികള്‍ പേരിനു മാത്രം

Posted on: November 5, 2014 10:59 am | Last updated: November 5, 2014 at 10:59 am

കല്‍പ്പറ്റ: ജൈവവൈവിധ്യ രജിസ്റ്ററില്‍ ഇടംനേടിയിട്ടും ജില്ലയിലെ പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ പേരിനു മാത്രമെന്ന് ആക്ഷേപം. നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.
ശാസ്ത്രവും നാട്ടറിവും ഇഴപിരിയുന്ന വിധത്തില്‍ തനതു നെല്‍കൃഷി രീതികള്‍ പഴയതലമുറകള്‍ പരിപാലിച്ചിരുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. പരമ്പരാഗത നെല്‍ക്കര്‍ഷകര്‍ക്കിടയില്‍ നിന്നും ഗോത്രഗ്രാമങ്ങളില്‍ നിന്നും മറ്റുമായി മാസങ്ങളോളം നടത്തിയ വിവരശേഖരണമാണ് ഇതിന് ആധാരമായത്. ഗ്രാമീണ കര്‍ഷകര്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തില്‍ വിവിധതരം നെല്‍വിത്തുകള്‍ കൃഷിചെയ്തിരുന്നു.
പരമ്പരാഗതമായ പാരിസ്ഥിതിക അറിവ് എന്നാണ് ശാസ്ത്രം ഇതിനു പേരിട്ടിരിക്കുന്നത്. ആദിവാസികളായ മുതിര്‍ന്നവര്‍ പോലും ഈ അറിവുകളെല്ലാം പിന്നീടുള്ള തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ മാതൃകയായി. ദീര്‍ഘകാലമായുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള അറിവുകളാണ് പരമ്പരാഗത നെല്‍വിത്ത് പരിപാലനത്തിനു തുണയായത്. മണ്ണിന്റെ ഘടനാമാറ്റം, കാലാവസ്ഥാ മാറ്റം എന്നിവയെല്ലാം ശാസ്ത്രീയമായി അറിയില്ലെങ്കിലും ഉപരിപ്ലവമായ നിരീക്ഷണങ്ങളിലൂടെ ഇവയുടെ സാധ്യതകളെ മുന്‍കൂട്ടി കാണാനും പരമ്പരാഗതമായ അറിവ് മുന്‍ തലമുറകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 14 പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തില്‍ 130ഓളം പരമ്പരാഗത നെല്‍വിത്തുകള്‍ ജില്ലയില്‍ ഒരുകാലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇപ്പോള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ശേഷിക്കുന്നത്. വ്യത്യസ്ത മണ്ണിനനുസരിച്ച് ഇവയെല്ലാം പ്രത്യേകമായി കര്‍ഷകര്‍ കൃഷിനടത്തിയതായി വിവരശേഖരണത്തില്‍ നിന്നു ജൈവവൈവിധ്യ ബോര്‍ഡിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. വിത്തുകളുടെ കാലാവധി, ധാന്യത്തിന്റെ വലിപ്പം, സീസണ്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് കൃഷി. ചതുപ്പു നിലങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍, നിമ്‌നോന്നത മേഖലകള്‍ എന്നിവയെല്ലാം തരംതിരിച്ച് പാരമ്പര്യ വിത്തുകള്‍ കൃഷിചെയ്യുന്ന ശീലം ജില്ലയിലുണ്ടായിരുന്നു.
കല്ലടിയാരന്‍, തൊണ്ണൂര്‍തൊണ്ടി, ഉരുണിക്കയമ എന്നിവയെല്ലാം ചെറിയ കാലയളവുകൊണ്ട് വിളവെടുപ്പ് നടത്താന്‍ കഴിയുന്ന നെല്ലിനങ്ങളായിരുന്നു. ഗന്ധകശാല, ജീരകശാല തുടങ്ങിയവ മറ്റുള്ളവയെ അപേക്ഷിച്ച് മൂപ്പെത്താന്‍ മാസങ്ങളെടുക്കും. അനുയോജ്യമായ വയല്‍ പ്രദേശത്ത് മാത്രമാണ് ഇവയുടെ കൃഷി. ഔഷധമൂല്യമുള്ള നവര, തൊണ്ടി, ചോമാല എന്നിവയെല്ലാം നെല്‍വയലുകളുടെ പ്രത്യേകമായ ഇടത്തിലാണ് മുന്‍തലമുറകള്‍ കൃഷി ചെയ്തിരുന്നത്. ഈ വിത്തിനങ്ങളെല്ലാം ഏറെക്കാലം സംരക്ഷിക്കപ്പെട്ടത് പാരമ്പര്യ സംസ്‌കാരങ്ങളുമായി ഇഴുകിച്ചേര്‍ന്നാണ്. എന്നാല്‍, ഇവയുടെ സംരക്ഷണം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്.