കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമം: അങ്കണ്‍വാടി ടീച്ചര്‍മാര്‍ ജാഗ്രത പാലിക്കണം: കലക്ടര്‍

Posted on: November 5, 2014 10:57 am | Last updated: November 5, 2014 at 10:57 am

കല്‍പ്പറ്റ: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അങ്കണ്‍വാടി ടീച്ചര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷന്‍സ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവയുമായി സഹകരിച്ച് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ സംബന്ധിച്ച് അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനമോ പീഡനശ്രമമോ നടന്നാല്‍ തുറന്ന് പറയുന്നതിന് കുട്ടികളെ പ്രേരിപ്പിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും അങ്കണ്‍വാടി ടീച്ചര്‍മാരുടെ പ്രവര്‍ത്തനം സഹായകമാകും. പാവപ്പെട്ടവരുടെയും പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെയും കുട്ടികളാണ് അംഗന്‍വാടികളില്‍ ഭൂരിഭാഗവുമെന്നതിനാല്‍ ഇത്തരം കുട്ടികള്‍ക്കാവശ്യമായ ധൈര്യവും സംരക്ഷണവും നല്‍കാന്‍ അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും കഴിയണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി. സുന്ദരി അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, ജില്ലാ പ്രൊബേഷണറി ഓഫീസര്‍ ബിജു, ഡോ. ബെറ്റിജോസ്, ഡോ. ഭാസ്‌ക്കരന്‍, ഡോ. പി. ലക്ഷ്മണന്‍,ഫാ.സുനില്‍ സി. എം.ഐ, സി.കെ. ദിനേശ്കുമാര്‍, ഡോ. സിനിമാത്യു, ടി.ബി.സുരേഷ്, ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലയിലെ മുഴുവന്‍ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും പ്രോക്‌സോ നിയമം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.