Connect with us

Malappuram

സ്‌കൂളിലെ കുളത്തില്‍ മീനുകള്‍ ചത്തനിലയില്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിലെ കുളത്തിലുള്ള മീനുകള്‍ ചത്തനിലയില്‍ കണ്ടെത്തി. സ്‌കൂള്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച പൂന്തോട്ടത്തിനോട് ചേര്‍ന്നുള്ള ചെറിയ കുളത്തില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങളാണ് മുഴുവനായി ചത്ത നിലയില്‍ കണ്ടത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ അവധി കഴിഞ്ഞ് ഇന്നലെ സ്‌കൂളിലെത്തിയപ്പോഴാണ് അധികൃതര്‍ മത്സ്യങ്ങളെല്ലാം ചത്ത നിലയില്‍ കണ്ടത്. സാമൂഹികവിരുദ്ധരാണ് ഇതിന് പിന്നിലെന്നും വിഷം കലക്കിയതാകാം മീനുകള്‍ ചാകാന്‍ കാരണമെന്നും സംശയിക്കുന്നതായി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ കൃഷ്ണദാസ് പറഞ്ഞു. രണ്ടായിരത്തിലധികം കുട്ടികള്‍ വിവിധ ക്ലാസുകളിലായി പഠിക്കുന്ന സ്‌കൂളില്‍ സമൂഹവിരുദ്ധരുടെ ഇത്തരം പ്രവൃത്തികളില്‍ സ്‌കൂള്‍ അധികൃതര്‍ ആശങ്കയിലാണ്.
മുമ്പും സ്‌കൂളിലെ ക്ലാസ് മുറികളില്‍ മാലിന്യം തള്ളിയിരുന്നതായും ഫാനുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചിരുന്നതായും അധ്യാപകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന് പി ടി എ യോഗത്തില്‍ ഒരു മുഴുവന്‍ സമയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ മറ്റ് ചെറിയ ജലസംഭരണികളിലെ വെള്ളം പരിശോധിച്ചതിനുശേഷമാണ് ഉപയോഗിച്ചത്.