Connect with us

Kozhikode

കബളിപ്പിച്ച് ബേങ്ക് മാനേജര്‍ പത്ത് ലക്ഷം തട്ടിയതായി പരാതി

Published

|

Last Updated

കോഴിക്കോട്: ബേങ്ക് മാനേജര്‍ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് ക്രിത്രിമ രേഖയുണ്ടാക്കി കബളിപ്പിച്ചതായി പരാതി. വടകര സ്വദേശി ദിനേശ് ബാബുവിനെ കബളിപ്പിച്ച് സിന്‍ഡിക്കേറ്റ് ബേങ്ക് ചെറൂട്ടി റോഡ് ബ്രാഞ്ചിലെ മാനേജര്‍ അഷ്‌റഫും കൂട്ടാളിയും ചേര്‍ന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
2008 ല്‍ ബിസിനസ് ആവശ്യത്തിനായി വീടും പറമ്പും പണയപ്പെടുത്തി 15 ലക്ഷം രൂപക്ക് ലോണിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അഞ്ച് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം 15 ലക്ഷം രൂപ കുടിശിക സഹിതം തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതെന്നും ദിനേശ് ബാബു പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് അന്ന് ബേങ്ക് മാനേജരായിരുന്ന അഷ്‌റഫും തന്റെ സുഹൃത്തായ വിജയും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നുവെന്ന് മനസ്സിലായതെന്നും ദിനേശ് ബാബു പറഞ്ഞു. ഒടുവില്‍ 14 ലക്ഷത്തോളം രൂപ ബ്ലേഡ് പലിശക്ക് വാങ്ങി ബേങ്കിലടക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതിനു പുറമെ 24 ലക്ഷം രൂപയാണ് ബേങ്ക് ആവശ്യപ്പെടുന്നത്. വീട്ടില്‍ നിന്ന് ഇറക്കിവിടാതിരിക്കാന്‍ റിക്കവറി ഓഫീസര്‍ക്കും ബേങ്ക് മാനേജര്‍ക്കുമായി അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ഒഴിവാക്കി തരാമെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കുമെല്ലാം പരാതി നല്‍കിയതായും അദ്ദേഹം അറയിച്ചു. കേരള സംസ്ഥാന കടം കടക്കെണി പീഡിതര്‍ സംഘടന പ്രസിഡന്റ് രവി വര്‍മരാജ, വിക്ടര്‍ ആന്റണി, ഷാഹുല്‍ ഹമീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.