Connect with us

Kozhikode

ഗുണ്ടകളെ തളക്കാന്‍ ഇനി സിറ്റി സ്‌പൈഡേഴ്‌സ്

Published

|

Last Updated

കോഴിക്കോട്: നഗരത്തില്‍ വിലസുന്ന ഗുണ്ടകള്‍ക്കായി വല വിരിക്കാന്‍ സിറ്റി സ്‌പൈഡേഴ്‌സ്”എത്തുന്നു. നഗരപരിധിയിലെ ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളെ നിലക്ക് നിര്‍ത്താന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് സിറ്റി സ്‌പൈഡേഴ്‌സ്. 

സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെയും സി ഐമാരുടെയും പ്രത്യേക യോഗത്തിലാണ് സിറ്റി സ്‌പൈഡേഴ്‌സ് രൂപവത്കരിക്കാന്‍ തീരുമാനമായത്. സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ മൊയ്തീന്‍കുട്ടിയാണ് നോഡല്‍ ഓഫീസര്‍. നഗരവാസികളുടെ സൈ്വര ജീവിതത്തിന് തടസ്സമാകുന്ന ക്വട്ടേഷന്‍ ആക്രമണങ്ങളുടേയും കഞ്ചാവ്, അനധികൃത മദ്യവില്‍പന, ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം എന്നിവ തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനായിരുന്നു പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരായ പ്രദീപ്, സജീവന്‍, മെയ്തീന്‍കുട്ടി, എ ജെ ബാബു, അരവിന്ദാക്ഷന്‍ പങ്കെടുത്തു.
സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ ആറംഗസംഘമാണ് സിറ്റി സ്‌പൈഡേഴ്‌സിലുള്ളത്. ഈ മാസം 10 മുതല്‍ ആരംഭിക്കുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തും. നഗര പരിധിയില്‍ അക്രമവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ കണ്‍ട്രോള്‍ റൂമിന് പുറമെ 9497963508, 9497980705, എന്നീ നമ്പറുകളില്‍ ഫോണ്‍കോള്‍ വഴിയോ വാട്‌സ് ആപ്പ് വഴിയോ വിവരമറിയിക്കാം. വിവരം ലഭിച്ചാല്‍ നല്‍കുന്നയാളെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും.
പോലീസിനകത്തെ ചാരന്‍മാരെ നിരീക്ഷിക്കാനും പ്രത്യേക യോഗത്തില്‍ തീരുമാനമായി. പോലീസ് മാഫിയാ കൂട്ടുകെട്ടിനെക്കുറിച്ച് നിരീക്ഷിക്കാന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ഗുണ്ടാ മാഫിയാസംഘങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന പോലീസുദ്യോഗസ്ഥരെക്കുറിച്ചും പരാതി നല്‍കാം. ആരോപണം വാസ്തവമെന്ന് തെളിഞ്ഞാല്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കും.
നഗരത്തില്‍ ഗുണ്ടാ ക്വട്ടേഷന്‍ മാഫിയാ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് മുന്‍കരുതലെന്നോണം അക്രമികളെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി അകത്താക്കാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കോഴിക്കോട് സിറ്റി പരിധിയില്‍ രണ്ടോ അതില്‍ കൂടുതലോ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടവരുടെ പേര്‌വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവും ജീവിത നിലവാരവും നിരീക്ഷിക്കും. അതാത് പരിധികളിലെ പോലീസ് സ്റ്റേഷനുകള്‍ക്കാണ് നിരീക്ഷണ ചുമതല. സ്ഥിരമായി അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഗുണ്ടാലിസ്റ്റില്‍ പെടുത്താനാണ് തീരുമാനം.
ചില കിക്ക് ബോക്‌സിംഗ് കരാട്ടെ പരിശീലന സ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയോധനകലാ പരീശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും. അത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരെയും അവര്‍ക്ക് സ്ഥലം വാടകക്ക് നല്‍കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനും യോഗത്തില്‍ തീരൂമാനമായി.

---- facebook comment plugin here -----

Latest